സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; MC മായിൻ ഹാജി പുതിയ ചെയർമാൻ
തിരുവനന്തപുരം: ഏറെക്കാലമായി നിലനിന്ന തർക്കങ്ങൾക്കും നിയമനടപടികൾക്കും ഒടുവിൽ സംസ്ഥാന വഖഫ് ബോർഡ് സർക്കാർ പൂർണമായി പുനഃസംഘടിപ്പിച്ചു. മുൻ ബോർഡ് പിരിച്ചുവിട്ടാണ് പുതിയ സമിതിയെ നിയോഗിച്ചത്. മുസ്ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ എംഎൽഎ, എം.പി മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉൾപ്പെടെ ഒൻപത് അംഗങ്ങളാണ് പുതിയ ഭരണസമിതിയിലുള്ളത്. പുതിയ ബോർഡിൽ സർക്കാർ അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടില്ല.
എൽഡിഎഫ് സർക്കാർ മുൻപ് നിയോഗിച്ച കെ.എസ് ഹംസ ചെയർമാനായ ഭരണസമിതിയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ബോർഡിലെ ചില അംഗങ്ങളുടെ യോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജികൾ എത്തുകയും ചെയ്തു. തുടർന്ന് വഖഫ് ബോർഡ് പുനഃസംഘടനയിലെ സങ്കീർണതകൾ പരിഹരിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും പരിഗണനയിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലവിലെ സമ്പൂർണ പുനഃസംഘടന ഉത്തരവിറക്കിയത്. നേരത്തെ പലതവണ വഖഫ് ബോർഡിൽ അംഗമായിരുന്ന എം.സി മായിൻ ഹാജി പരിചയസമ്പന്നനായ സംഘാടകനാണ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം തുടങ്ങിയ വിവിധ പദവികൾ വഹിക്കുന്നുണ്ട്. തുടർച്ചയായ 18 വർഷം സംസ്ഥാന വഖ്ഫ് ബോർഡിൽ മുത്തവല്ലി വിഭാഗത്തിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.
കെ.എസ് ഹംസ, ഉമർ ഫൈസി മുക്കം തുടങ്ങിയ മുൻ സമിതിയിലെ മുഴുവൻ അംഗങ്ങളെയും ഒഴിവാക്കിയാണ് പുതിയ ഒൻപത് അംഗ സമിതിക്ക് രൂപം നൽകിയത്. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്വത്തുൽ മുജാഹിദ്ദീൻ തുടങ്ങിയ പ്രമുഖ സംഘടനകളുടെ പ്രാതിനിധ്യം പുതിയ സമിതിയിൽ ഉറപ്പാക്കിയിട്ടുണ്ട്. ഒപ്പം തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും സമിതിയിൽ ഉൾപ്പെടുന്നു.