ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നൽകാൻ സൗദി? വിമാനത്തിൽ പണം ഇറാനിലെത്തിച്ചോ?
റിയാദ്: വിമാനത്താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പിലാക്കാനുമായി യെമനിലെ ഹൂതികൾക്ക് സൗദി അറേബ്യ 100 കോടി ഡോളർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഇറാൻ വഴിയാണ് ഈ പണം വാഗ്ദാനം ചെയ്തതെന്ന് ഗൾഫിലെ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടത്തിയ സുപ്രധാന ചർച്ചകൾക്കൊടുവിലാണ് ഈ നീക്കം. അദ്ദേഹം സഞ്ചരിച്ച ഹെർക്കുലീസ് സൈനിക വിമാനത്തിൽ തന്നെ പണം തെഹ്റാനിൽ എത്തിച്ചതായി ഒരു നയതന്ത്ര പ്രതിനിധി അവകാശപ്പെട്ടെങ്കിലും, സൗദി ഭരണകൂടം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ മൊഹ്സൻ റെസായി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ, പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവരും ഈ ഉച്ചകോടിയിൽ പങ്കെടുത്തു. സംഘർഷങ്ങൾ കുറയ്ക്കാൻ ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ‘മക്ക ജോയിന്റ് ഡിഫൻസ് അലയൻസ്’ പ്രതിനിധികൾക്കൊപ്പം സൗദി പ്രതിരോധ മന്ത്രി തെഹ്റാൻ സന്ദർശിച്ച കാര്യം സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി എണ്ണപ്പാടങ്ങൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഭീഷണികളും ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഈ മധ്യസ്ഥ നീക്കം.
മൂന്ന് വർഷം മുൻപുണ്ടാക്കിയ ധാരണപ്രകാരം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനുമായി സൗദി സാമ്പത്തിക സഹായം നൽകണമായിരുന്നുവെന്ന് ഒരു സൗദി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ സൗദി ഇത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹൂതികൾ വീണ്ടും ആക്രമണങ്ങൾ ആരംഭിച്ചത്. സൈനിക ബ്ലാക്ക്മെയിലിംഗിന് വഴങ്ങി പുതിയൊരു വെടിനിർത്തലിന് തയാറല്ലെന്നും, അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ ഹൂതികൾ തിരികെ നൽകാതെ ധനസഹായം നൽകില്ലെന്നുമാണ് റിയാദിന്റെ നിലപാട്. യുഎസ്-ഇസ്രായേൽ സൈനിക ഇടപെടലുകൾ ഒഴിവാക്കി പ്രാദേശിക ശക്തികളുടെ നേതൃത്വത്തിൽ പുതിയൊരു സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള ഇറാന്റെ തന്ത്രപരമായ നീക്കമാണ് ഈ ചർച്ചകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.