പ്രതിഷേധങ്ങൾ അവഗണിച്ച് കേന്ദ്രസർക്കാർ; പൂർണ്ണമായും എഥനോൾ ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതി; മോട്ടോർ വാഹനചട്ടങ്ങളിൽ ഭേദഗതി വരുത്തി
ന്യൂഡൽഹി: വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെയും പ്രതിഷേധങ്ങളെയും പാടെ അവഗണിച്ച്, പൂർണ്ണമായും എഥനോൾ ഇന്ധനമായി ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങൾ രാജ്യത്ത് നിരത്തിലിറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിനായി 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ റോഡ് ഗതാഗത മന്ത്രാലയം നിർണായക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കി. ഇതോടെ പെട്രോളിന് പകരം ഏതാണ്ട് 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന പുതിയ ഫ്ലെക്സ് ഫ്യൂവൽ കാറുകൾ വിപണിയിലെത്തും.
ഭക്ഷ്യവിളകളിൽ നിന്ന് വൻതോതിൽ എഥനോൾ ഉൽപ്പാദിപ്പിക്കുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നതുൾപ്പെടെയുള്ള ആശങ്കകളും പ്രതിഷേധങ്ങളും നിലനിൽക്കെയാണ് മോട്ടോർ വാഹന ചട്ടങ്ങൾ തിടുക്കത്തിൽ ഭേദഗതി ചെയ്ത് സർക്കാർ മുന്നോട്ട് പോകുന്നത്. വിദേശത്തുനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ. പുതിയ വിജ്ഞാപന പ്രകാരം ഇ100 ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ പ്രത്യേകം സാക്ഷ്യപ്പെടുത്തിയ ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്ക് മാത്രമായിരിക്കും നിരത്തിലിറങ്ങാൻ അനുമതി ലഭിക്കുക. നിലവിൽ ഇ20 (20% എഥനോൾ) ഇന്ധനമോ സാധാരണ പെട്രോളോ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇത്തരം ഉയർന്ന എഥനോൾ മിശ്രിതം ഉപയോഗിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചട്ടങ്ങളിലെ ഈ ഭേദഗതികൾക്കൊപ്പം ഇത്തരം ലൈറ്റ് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പരമാവധി ഭാരപരിധി 3,000 കിലോഗ്രാമിൽ നിന്നും 3,500 കിലോഗ്രാമായി കേന്ദ്രം ഉയർത്തിയിട്ടുമുണ്ട്. ബി100 ബയോഡീസൽ, ഹൈഡ്രജൻ-സിഎൻജി മിശ്രിതങ്ങൾ എന്നിവയുടെ ഉപയോഗത്തിനും പുതിയ ഭേദഗതികൾ വഴിയൊരുക്കുന്നു. മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം ഇതിനകം തന്നെ ഈ ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന തിരക്കിലാണ്.