‘ദാവൂദ് ഇബ്രാഹിം പ്രമേഹം കൂടി മരിച്ച് ജീവിക്കുകയാണ്, അതുകൊണ്ട് അയാളെ ഇനി ഇല്ലാതാക്കുന്നതിൽ പ്രസക്തിയില്ല’; പരിഹസിക്കുന്നവർക്ക് അയാൾ രാജാവായിരിക്കുമെന്ന് മേജർ രവി
കൊച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വകവരുത്താൻ തനിക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ തയ്യാറാക്കിയ ദൗത്യം കൊവിഡ് വന്നതിനാലാണ് പിൻവലിച്ചതെന്നും, എന്നാൽ ദാവൂദ് ഇപ്പോൾ കടുത്ത പ്രമേഹം ബാധിച്ച് മരിച്ച് ജീവിക്കുന്ന അവസ്ഥയിലായതിനാൽ ഇനി ആ ദൗത്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദാവൂദിനെ കൊല്ലാൻ പദ്ധതിയിട്ടു എന്ന് പറഞ്ഞപ്പോൾ പലർക്കും അത് സഹിക്കാൻ കഴിയാത്തത് അയാൾ അവരുടെ രാജാവായതുകൊണ്ടാണെന്നും മേജർ രവി തുറന്നടിച്ചു.
തനിക്കെതിരെ അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ് ആരോപണം ഉന്നയിച്ചവർ ഇത്രയും നാൾ എവിടെയായിരുന്നുവെന്നും, ദാവൂദിനെ വകവരുത്തുമെന്ന് പറഞ്ഞപ്പോഴാണ് ഇവർ രംഗത്ത് വന്നതെന്നും മേജർ രവി ചോദിച്ചു. രാജ്യദ്രോഹം ചെയ്തവൻ തനിക്ക് ശത്രുവാണ്, എന്നാൽ വിമർശകർക്ക് അയാൾ രാജാവായിരിക്കാം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം എവിടെ എത്തിനിൽക്കുന്നു എന്ന് പലർക്കുമറിയില്ല. മോദി വന്നതിന് ശേഷമാണ് സർജിക്കൽ സ്ട്രൈക്ക് എന്നൊന്ന് നാം കേൾക്കുന്നത്. മുമ്പ് പൂഞ്ച്-രജൗറി സെക്ടറുകളിൽ ഉറങ്ങിക്കിടക്കുന്ന നമ്മുടെ പട്ടാളക്കാരുടെ തലവെട്ടി കൊണ്ടുപോയിട്ടും നാം തിരിച്ചടിച്ചിരുന്നില്ല. എന്നാൽ 40 പട്ടാളക്കാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണം മോദി തzരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയതാണെന്ന് വരെ ആരോപിച്ചവരാണ് ഈ ആളുകളെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് തീവ്രവാദികൾ കൊല്ലപ്പെടുന്നതും, ബലൂചിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന കാര്യങ്ങളും ഈ ഗവൺമെന്റ് വന്നതിന് ശേഷം നാം കേൾക്കുന്നതാണ്. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ലോകത്തെവിടെ പോയും തങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കുന്നത് പോലെ നമ്മുടെ രാജ്യവും ആ നിലവാരത്തിലേക്ക് എത്തുമ്പോൾ ജനങ്ങൾ സുരക്ഷിതരാണെന്ന് സമാധാനിക്കണം. എന്നാൽ തന്നെ പലരും ‘ചാണക സംഘി’ എന്നാണ് വിളിക്കുന്നതെന്ന് മേജർ രവി പറഞ്ഞു. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം സൈന്യത്തിന് വേണ്ടി സന്നദ്ധ സേവനം ചെയ്യാൻ സാധിക്കും, ഇതിന് സർക്കാർ പണം നൽകേണ്ടതില്ല.
ദാവൂദിനെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ താൻ മാത്രമല്ല, മറ്റ് 9 പേർ കൂടി ഉണ്ടായിരുന്നുവെന്ന് മേജർ രവി വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ ആ ദൗത്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. ദാവൂദ് ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലാണ്. കടുത്ത പ്രമേഹം ബാധിച്ച് മരിച്ച് ജീവിക്കുന്ന അയാളെ ഇല്ലാതാക്കുന്നതിന് ഇനി യാതൊരു പ്രസക്തിയുമില്ല. തങ്ങളുടെ രാജാവിനെ കൊല്ലാൻ ഇയാൾ പ്ലാൻ ചെയ്തോ എന്ന് ചോദിച്ച് രംഗത്തുവരുന്ന കുറെ വർഗ്ഗങ്ങൾ ഇവിടെയുണ്ടെന്നും മേജർ രവി കൂട്ടിച്ചേർത്തു.