‘ആഘോഷിക്കേണ്ട ദിനത്തിൽ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ജനങ്ങൾ പോരാടേണ്ട ഗതികേട്’; ഭരണഘടനാ ദിന പ്രതിഷേധ പരിപാടിയിൽ പ്രകാശ് രാജ്
നാഗ്പൂർ: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നാഗ്പൂരിൽ സിജെപി സംഘടിപ്പിച്ച ‘സംവിധാൻ ബച്ചാവോ’ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടൻ പ്രകാശ് രാജ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. യുവാക്കളുടെ ശബ്ദത്തെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച നാഗ്പൂരിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ ജനങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കേണ്ട ദിവസമാണ് ഭരണഘടനാ ദിനമെങ്കിലും, ഇന്ന് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് ശബ്ദമുയർത്തേണ്ട സാഹചര്യമാണുള്ളതെന്ന് പ്രകാശ് രാജ് പറഞ്ഞു. ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജനങ്ങൾക്ക് പോരാടേണ്ടി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ അവരെ കൂടുതൽ ശക്തമായി ശബ്ദമുയർത്താൻ പ്രേരിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇന്നത്തെ യുവതലമുറ സർക്കാരിനെ ചോദ്യം ചെയ്യുകയാണ്. യുവാക്കൾ ഉയർത്തുന്ന ഈ ചോദ്യങ്ങളെ ഒരിക്കലും അടിച്ചമർത്താൻ കഴിയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. പരിപാടിയുടെ വേദിയായി നാഗ്പൂർ തിരഞ്ഞെടുത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “നാഗ്പൂർ ഇന്ത്യയിലാണ്, പാകിസ്ഥാനിലല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.