26/11/2026
[fontresizer_tawhidurrahmandear_widget]

നിലവിലെ ഇടിവ് തുടർന്നാൽ സ്വർണവില 88,000 രൂപവരെയെത്താം; ഇനി നിർണായകം ഡിസംബറിൽ പ്രഖ്യാപിക്കാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ നയം

 നിലവിലെ ഇടിവ് തുടർന്നാൽ സ്വർണവില 88,000 രൂപവരെയെത്താം; ഇനി നിർണായകം ഡിസംബറിൽ പ്രഖ്യാപിക്കാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ നയം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടരുന്ന ചാഞ്ചാട്ടത്തിനിടെ നിലവിലെ വിലയിടിവ് തുടർന്നാൽ പവൻവില 88,000 രൂപ നിരക്കിലേക്ക് എത്തിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഡിസംബർ ഒൻപതിന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പ്രഖ്യാപിക്കാനിരിക്കുന്ന പണപ്പെരുപ്പ-പലിശനിരക്ക് നയമാണ് ഇനി സ്വർണവിപണിയുടെ ഗതി നിർണയിക്കുക. കനത്ത ഇടിവിന് ശേഷം ഇന്ന് രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും താഴേക്ക് പതിച്ചു. രാവിലെ പവന് 1,920 രൂപ വർദ്ധിച്ച് 92,320 രൂപയിലെത്തിയ സ്വർണം ഉച്ചയ്ക്ക് 1.50-ഓടെ 800 രൂപ ഇടിഞ്ഞ് 91,520 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,440 രൂപയിലാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം നടക്കുന്നത്. രാവിലെ ഗ്രാമിന് 240 രൂപ വർദ്ധിച്ച് 11,540 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാവിലെ ഔൺസിന് 3,578 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഉച്ചയോടെ 3,566 ഡോളറിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന് 3,320 രൂപ കുറഞ്ഞ് 90,400 രൂപയിലെത്തിയ ശേഷമാണ് ഇന്ന് രാവിലെ വില വർദ്ധിച്ചതും പിന്നീട് ഇടിഞ്ഞതും. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 165 രൂപ എന്ന നിരക്കിൽ തുടരുകയാണ്.

അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും ഡോളറിന്റെ മൂല്യം ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. അമേരിക്കയിൽ കഴിഞ്ഞ മാസവും പണപ്പെരുപ്പം 3.7 ശതമാനത്തിൽ നിന്ന് 3.8 ശതമാനമായി ഉയർന്നിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിന് മുകളിൽ പണപ്പെരുപ്പം തുടരുന്നതിനാൽ ഡിസംബർ ഒൻപതിന് പ്രഖ്യാപിക്കുന്ന നയത്തിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന സൂചന ശക്തമായി. ഇത് യുഎസ് ഡോളർ സൂചികയ്ക്ക് കരുത്തുപകരുകയും സ്വർണവില താഴാൻ ഇടയാക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക, ഹൂതി-സൗദി സംഘർഷങ്ങൾ രൂക്ഷമായതോടെ ക്രൂഡോയിൽ വില വീണ്ടും ഉയരുന്നതും ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കുകയും ഡോളറിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് തുടക്കമിട്ടതും പണപ്പെരുപ്പ ആശങ്കകൾക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്ന എ.ഐ അധിഷ്ഠിത ഓഹരികൾ വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയതോടെ നിക്ഷേപകർ ഗോൾഡ് ഇ.ടി.എഫുകളിൽ നിന്ന് പണം പിൻവലിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു.

നിലവിലെ പ്രതികൂല സാഹചര്യങ്ങൾ തുടരുകയും ഡോളറും യുഎസ് ട്രഷറി ബോണ്ട് യീൽഡും കൂടുതൽ ശക്തിപ്പെടുകയും ചെയ്താൽ രാജ്യാന്തര സ്വർണവില ഔൺസിന് 3,423 ഡോളർ വരെ താഴ്ന്നേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ സ്വർണവില പവന് 88,000 രൂപ നിരക്കിലേക്ക് എത്തും. മറിച്ച്, പലിശനിരക്ക് വർദ്ധന സംബന്ധിച്ച ആശങ്കകൾ അകലുകയും ക്രൂഡോയിൽ വില കുറയുകയും ചെയ്താൽ രാജ്യാന്തര വില 3,701 ഡോളർ വരെയും, തുടർന്ന് 3,800 ഡോളർ ഭേദിച്ചാൽ 4,151 ഡോളർ വരെയും കുതിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് പവൻവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് നീങ്ങുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Also read: