ശുചിമുറിയെ ചൊല്ലിയുള്ള പ്രശ്‌നം; ജാതി പറഞ്ഞ് പോരടിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാർ, വിവാദമായതിന് പിന്നാലെ വിശദീകരണം
ആസ്ഥ സിങ്
കാൺപൂർ : ഉത്തർ പ്രദേശിലെ കാൺപൂർ എച്ച്ഡിഎഫ്‌സി ബ്രാഞ്ചിൽ ജീവനക്കാർ തമ്മിലുള്ള തർക്കത്തിനിടെയുള്ള ജാതി പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത്. കഴിഞ്ഞ മാസം 6ന് നടന്ന തർക്കത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വയറലായതോടെയാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
ബാങ്കിലെ റിലേഷൻഷിപ് മാനേജറായ ആസ്ഥ സിങ് എന്ന ജീവനക്കാരിയാണ് വീഡിയോയിൽ ‘ഞാൻ താക്കൂറാണ്’ എന്ന് പറയുന്നത്. വീഡിയോ വയറലായതോടെ ഇവർ വിശദീകരണവുമായി രംഗത്തെത്തി. തർക്കം നടന്നിരിക്കുന്നത് ബാങ്കിൽ എത്തിയ ഉപഭോക്താവുമായല്ല, സഹപ്രവർത്തകയുടെ ഭർത്താവുമായാണെന്ന് ഇവർ വ്യക്തമാക്കി. തന്റെ ജാതി ചോദിച്ചതും ഭീഷണിപ്പെടുത്തിയതും അവരാണെന്നും സഹിക്കാൻ കഴിയാഞ്ഞിട്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും ആസ്ഥ സിങ് വിവരിച്ചു.
എന്നാൽ മറുപക്ഷത്തുള്ള മുൻ ജീവനക്കാരി റിതു ത്രിപാഠിയുടെയും അവരുടെ ഭർത്താവിന്റെയും വിശദീകരണം ഇവർക്കിടയിലെ തർക്കത്തിനു കാരണം ശുചിമുറിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നവും റിതുവിന്റെ രാജി സമർപ്പണവുമാണ്. ആസ്ഥ സിങ്ങാണ് ആദ്യം തങ്ങളെ മോശമാക്കി സംസാരിച്ചതും ജാതി പരാമർശിച്ചതെന്നും അവർ ആരോപിച്ചു. തങ്ങൾ ബ്രാഹ്മാണരാണെന്നും ബാങ്കിലെ സിസിടിവി പരിശോധിച്ചാൽ തർക്കത്തിലെ സത്യം വ്യക്തമാവുമെന്നും അവർ പറഞ്ഞു.