02/09/2026
[fontresizer_tawhidurrahmandear_widget]

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കും കോൺ​ഗ്രസിനും ‘നല്ല ബുദ്ധി ഉണ്ടാകാൻ’ ‘ബുദ്ധി ശുദ്ധി യജ്ഞം’ നടത്തി ബിജെപി

 ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കും കോൺ​ഗ്രസിനും ‘നല്ല ബുദ്ധി ഉണ്ടാകാൻ’ ‘ബുദ്ധി ശുദ്ധി യജ്ഞം’ നടത്തി ബിജെപി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ‘നല്ല ബുദ്ധി ഉണ്ടാകാൻ’ പ്രാർത്ഥിച്ചുകൊണ്ട് ഡെറാഡൂണിലെ ഒരു ക്ഷേത്രത്തിൽ ബിജെപി എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ ‘ബുദ്ധി ശുദ്ധി യജ്ഞം’ സംഘടിപ്പിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം മൈതാനത്ത് നടന്ന ശുദ്ധീകരണ കർമ്മങ്ങളെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ഈ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.

കഴിഞ്ഞ ഓഗസ്റ്റ് 11-ന് ഹൽദ്വാനിയിലെ രാം ലീല മൈതാനത്ത് നടന്ന ശുദ്ധീകരണ ചടങ്ങിൽ ദളിത് സമുദായത്തിൽപ്പെട്ടവരും പങ്കാളികളായിരുന്നു എന്നാണ് ബിജെപിയുടെ വിശദീകരണം. എന്നാൽ രാഹുൽ ഗാന്ധി ഈ സംഭവത്തെ ജാതീയമായ തൊട്ടുകൂടായ്മയായി ചിത്രീകരിക്കുകയും, സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയുമാണെന്ന് ബിജെപി ആരോപിക്കുന്നു. ഈ വിഷയത്തിൽ സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് പ്രദേശവാസിയായ അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ എടുത്ത കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. മൈതാനത്ത് ശുദ്ധീകരണം നടത്തി ദളിത് വിഭാഗങ്ങളെ ജാതീയമായി അധിക്ഷേപിച്ചവർക്കെതിരെയാണ് യഥാർത്ഥത്തിൽ കർശന നടപടി സ്വീകരിക്കേണ്ടത് എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് വരുന്ന സെപ്റ്റംബർ ഏഴിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: