02/09/2026
[fontresizer_tawhidurrahmandear_widget]

സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട് സിവിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

 സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടി; കോഴിക്കോട് സിവിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്പായിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സിവിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ (സി.പി.ഒ) മുഹമ്മദ് ഫാസിലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്പായിൽ എത്തിയാണ് ഇയാൾ അതിക്രമം കാണിച്ചത്. താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സ്ഥാപനത്തിലെത്തിയ ഫാസിൽ ജീവനക്കാരെ ഭയപ്പെടുത്തുകയായിരുന്നു. തനിക്ക് പണം നൽകിയില്ലെങ്കിൽ സ്പാ പൂട്ടിക്കുമെന്നായിരുന്നു ഇയാളുടെ പ്രധാന ഭീഷണി. തുടർന്ന് ഇവിടെ നിന്നും 1,500 രൂപയും കൈക്കലാക്കിയാണ് ഇയാൾ മടങ്ങിയത്.

സംഭവത്തിന് പിന്നാലെ സ്പാ ഉടമകൾ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഫാസിൽ സ്പായിലെത്തി ഭീഷണിപ്പെടുത്തിയതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥൻ പണം തട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

രഹസ്യാന്വേഷണ വിഭാഗം നൽകിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫാസിലിനെതിരെ ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുതല അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.

Also read: