ഒരു മനസ്സിന്റെ യാത്ര: പാലോളി സൈനുദ്ദീന്റെ ജീവിതവും അധ്വാനവും
ഏതു സമയവും പ്രസന്നവദനനായി മാത്രം കാണാറുള്ള പാലോളി സൈനുദ്ദീൻ സാഹിബിൻ്റെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കയിൽ വെച്ച് പരിചയപ്പെട്ട കാലം മുതൽ വിടപറയും വരെയും ഞങ്ങൾക്കിടയിലുള്ള ബന്ധം ദൃഢമായിരുന്നു. നർമ്മത്തിൽ ചാലിച്ച വാക്കുകളും അകമ്പടിയായി വരുന്ന ചിരിയും ഇപ്പോഴും മനസ്സിൽ ഒരു നോവായി തുടരുന്നു. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ ചെന്ന് സന്ദർശിച്ച വേളയിൽ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ സംസാരത്തിനിടക്ക് എപ്പോഴോ പറഞ്ഞതായി ഓർക്കുന്നു: “അസുഖം ഭേദമായി. ഇനി കർമരംഗത്ത് ഊർജ്ജസ്വലതയോടെ മുന്നേറണം.”
അല്ലെങ്കിലും ഒരു പുരുഷായുസ് മുഴുക്കെ സൈനുദ്ദീൻ നടന്നുനീങ്ങിയത് സേവനവീഥിയിലൂടെ മാത്രമായിരുന്നു. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത് മക്കയിലെ കർമഭൂമിയിൽ വെച്ചാണ്. ഈ സേവന മനസ്ഥിതി തന്നെയാണ് സൈനുദ്ദീനെ മക്ക ഇസ്ലാമിക് സെൻ്ററിൻ്റെ പ്രഥമ പ്രസിഡൻ്റ് സ്ഥാനത്തേക്കും, പിന്നീട് ട്രഷറർ സ്ഥാനത്തേക്കും, മക്ക കെഎംസിസി സെക്രട്ടറി സ്ഥാനത്തേക്കും കൈപിടിച്ചുയർത്തിയത്.
കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള അദ്ദേഹത്തിൻ്റെ മനസ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാൻ ബന്ധപ്പെട്ട പല സന്ദർഭങ്ങളിലും എനിക്ക് ഇത് കൃത്യമായി ബോധ്യമായതാണ്. ആരും അറിയരുത്, ആരുടെ മുന്നിലും ഫ്ലാഷ് ആക്കരുത് എന്ന നിബന്ധനയോടെ സൈനുദ്ദീൻ പലപ്പോഴും പലരുടെ കാര്യത്തിലും സഹായഹസ്തങ്ങൾ നീട്ടിത്തന്നിട്ടുണ്ട്. പ്രവാസ ജീവിതത്തിനിടയിൽ, ആ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാക്കിയപ്പോഴും അദ്ദേഹത്തിൻ്റെ സഹായങ്ങൾ പലർക്കുമായി തുടർന്നുകൊണ്ടിരുന്നു.
ദർശന ചാനലിൻ്റെ ഡയരക്ടർ ആയ ശേഷം ഞങ്ങൾക്കിടയിലുള്ള ബന്ധം ഒന്നുകൂടി ശക്തിയായി. ചാനലുമായി ബന്ധപ്പെട്ട് ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഈ വിനീതനും എംഡി ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാറും അബ്ദുസ്സമദ് പൂക്കോട്ടൂരും സൗദിയിൽ സന്ദർശനം നടത്തിയ സമയത്ത് മക്കയിൽ ഞങ്ങളുടെ കൂടെ മുഴുവൻ സമയവും സൈനുദ്ദീൻ ഉണ്ടായിരുന്നു; കർമോത്സുകനായി തന്നെ. കൂടെ ഓമാനൂർ അബ്ദുറഹ്മാൻ മൗലവിയും. അവസാനമായി കണ്ട സമയവും ശേഷമുള്ള ഫോൺ വിളികളിലും മുഴുവൻ നിറഞ്ഞുനിന്ന വിഷയം പ്രധാനമായും ചാനൽ തന്നെയായിരുന്നു. അത്രത്തോളം സൈനുദ്ദീൻ ഈ സ്ഥാപനത്തെ സ്നേഹിച്ചിരുന്നു. സ്ഥാപനത്തിൻ്റെ വളർച്ചയിൽ അദ്ദേഹത്തിന് അത്രത്തോളം താൽപര്യമുണ്ടായിരുന്നു.
സൈനുദ്ദീൻ്റെ ഓർമകളിൽ ഇനി നമുക്ക് ജീവിക്കാം. നാഥൻ അദ്ദേഹത്തിനും നമുക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
സിദ്ദീഖ് ഫൈസി വാളക്കുളം
(ദർശന ടിവി എക്സിക്യൂട്ടീവ് ഡയരക്ടർ & സിഇഒ)