ബഹിഷ്‌കരണവും അന്താരാഷ്ട്ര സമ്മർദ്ദവും: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ സാമ്പത്തിക ‘സ്വയം പര്യാപ്തത’
ആഗോള ബഹിഷ്‌ക്കരണങ്ങള്‍ ഇസ്രയേലിനെ വലിയ തോതില്‍ ബാധിച്ചതായി സമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുകയാണെന്ന് നെതന്യാഹു സമ്മതിച്ചു. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര സമ്മര്‍ദവും വ്യാപാര ബന്ധങ്ങളിലെ വെല്ലുവിളികളും ഇസ്രയേലിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായാണ് നെതന്യാഹു ചൂണ്ടിക്കാട്ടുന്നത്. ‘ലോകരാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ നമ്മുടെ സമ്പദ്വ്യവസ്ഥ സ്വന്തം കാലില്‍ നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജെറുസലേമില്‍ നടന്ന ഒരു ധനമന്ത്രാലയത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ യോഗത്തിലാണ് തുറന്നുപറച്ചില്‍.
ചൈനയും ഖത്തറും ചേര്‍ന്ന് ഇസ്രായേലിനെ രാഷ്ട്രീയിമായി ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നും നെതന്യാഹു ആരോപിച്ചു. അവര്‍ പടിഞ്ഞാറിലെയും യുഎസിലെയും സോഷ്യല്‍ മീഡിയയിലൂടെ ഇസ്രായേലിനെ ആക്രമിക്കുകയാണ്. ചൈനയും ഖത്തറും വന്‍ തോതില്‍ പണമിറക്കി മാധ്യമ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇതിനെ മറികടക്കാന്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഒറ്റപ്പെടലിനെ നേരിടാന്‍ ഇസ്രായേല്‍ ആഭ്യന്തര ഉല്‍പ്പാദനവും നൂതന സാങ്കേതികവിദ്യകളും ശക്തിപ്പെടുത്തണമെന്ന് നെതന്യാഹു ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര വിപണികളില്‍ ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് നേരിടുന്ന വിലക്കുകളും ബഹിഷ്‌കരണവും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
നെതന്യാഹുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ തെല്‍ അവീവ് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.