കേരളത്തിനു കൈമാറില്ല, ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേന്ദ്രത്തിൽ തുടരും
പാലക്കാട് ∙ കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരളത്തിനു കൈമാറാനുള്ള നീക്കത്തിൽ നിന്നു കേന്ദ്രസർക്കാർ പിൻമാറുന്നു. നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം കൈമാറേണ്ടെന്നാണു കേന്ദ്രത്തിന്റെ നിലപാട്
കേന്ദ്രവും കേരളവുമായി ഏർപ്പെട്ട കരാറുകൾ ഔദ്യോഗികമായി റദ്ദാക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നറിയുന്നു. രാജസ്ഥാനിലെ കോട്ട യൂണിറ്റ് പൂട്ടിയതോടെ പാലക്കാട് യൂണിറ്റിന്റെ നഷ്ടം കുറഞ്ഞതാണു മനംമാറ്റത്തിനു കാരണം. കഴിഞ്ഞ സാമ്പത്തികവർഷം 150 കോടി രൂപയുടെ വിറ്റുവരവും 14 കോടി ലാഭവുമാണ് സ്ഥാപനം നേടിയത്. മൂന്നു വർഷം ലാഭമുണ്ടാക്കിയാൽ ശമ്പളവർധന നടപ്പാക്കാമെന്നു കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയിരുന്നു. കേന്ദ്രം തന്നെ തുടർന്നും സ്ഥാപനം നടത്തുമെന്നതിന്റെ സൂചനയായി, 1997 മുതൽ മുടങ്ങിയ ശമ്പള പരിഷ്കരണം മേയിൽ പ്രഖ്യാപിച്ചു. സ്ഥാപനം കേരളത്തിനു കൈമാറുന്നതിനെ ബിജെപി സംസ്ഥാന ഘടകം തുടക്കം മുതൽ എതിർത്തിരുന്നു.