നവംബര്‍ 1 മുതല്‍ ആധാറില്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ വരുന്നു; ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അപ്ഡേഷന് പുതിയ രീതിയുമായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇതോടെ നവംബര്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് നിരവധി സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. യുഐഡിഎഐ അവതരിപ്പിച്ച പുതിയ സംവിധാനമനുസരിച്ച് പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങള്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
നവംബര്‍ ഒന്നു മുതല്‍ അപ്ഡേറ്റുകള്‍ക്കായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവിശ്യമില്ല. ആധാര്‍ സേവനങ്ങള്‍ ലളിതവും കൂടുതല്‍ സുരക്ഷിതവുമാക്കുക എന്നതാണ് പുതുക്കിയ പ്രക്രിയയുടെ പ്രധാന ലക്ഷ്യം.
സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ വഴിയുള്ള മെഷീന്‍ പരിശോധന വഴിയാണ് പുതുക്കല്‍ നടക്കുക. പാന്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാന്‍ യുഐഡിഎഐയുടെ പുതിയ സംവിധാനം സഹായിക്കും.
കൂടാതെ, എന്റോള്‍മെന്റ് സെന്ററുകളിലെ അപ്ഡേറ്റ് ഫീസ് ഘടനയും പരിഷ്‌കരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഓപ്ഷനുകളും തിരഞ്ഞെടുക്കാം.
അതേസമയം, പുതിയ നിയമങ്ങളുടെ ഭാഗമായി, 2025 ഡിസംബര്‍ 31-നകം ആധാറും പാനും ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി ഒന്നു മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പുതിയ പാന്‍കാര്‍ഡ് അപേക്ഷകര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. ഇതോടൊപ്പം കെവൈസി പ്രക്രിയയും ലളിതമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഒടിപി, വീഡിയോ കെവൈസി, അല്ലെങ്കില്‍ മുഖാമുഖ പരിശോധന എന്നിവ ഉപയോഗിച്ച് ഐഡന്റിറ്റികള്‍ പരിശോധിക്കാന്‍ സാധിക്കും.
പുതുക്കിയ ആധാര്‍ അപ്ഡേറ്റ് ഫീസ് വിവരങ്ങള്‍:
വ്യക്തിവിവരങ്ങളിലെ അപ്ഡേറ്റുകള്‍ (പേര്, വിലാസം, ജനനത്തീയതി, മൊബൈല്‍, ഇമെയില്‍): 75 രൂപ.
ബയോമെട്രിക് അപ്ഡേറ്റുകള്‍ (വിരലടയാളം, ഐറിസ് സ്‌കാന്‍, ഫോട്ടോ). 125 രൂപ.
5-7 വയസ്സും 15-17 വയസ്സും പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേറ്റുകള്‍: സൗജന്യം.
ഡോക്യുമെന്റ് അപ്ഡേറ്റ്: കേന്ദ്രങ്ങളില്‍ 75 രൂപ, ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യം.
ആധാര്‍ പ്രിന്റ്: 40 രൂപ
ഹോം എന്റോള്‍മെന്റ് സേവനം: ആദ്യ വ്യക്തിക്ക് 700 രൂപ, അതേ വിലാസത്തില്‍ ഓരോ അധിക അംഗത്തിനും 350 രൂപ.