27/01/2026

യൂണിലിവറിന്റെ വിലക്ക് മറികടന്ന് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍; തണ്ണീര്‍മത്തന്‍ രുചിയുള്ള ‘പീസ് ഇന്‍ ഫലസ്തീന്‍’ ഐസ്ക്രീം പുറത്തിറക്കുന്നു

 യൂണിലിവറിന്റെ വിലക്ക് മറികടന്ന് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍; തണ്ണീര്‍മത്തന്‍ രുചിയുള്ള ‘പീസ് ഇന്‍ ഫലസ്തീന്‍’ ഐസ്ക്രീം പുറത്തിറക്കുന്നു

ന്യൂയോര്‍ക്ക്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണീര്‍മത്തന്‍ ഫ്‌ളേവറില്‍ ഐസ്‌ക്രീം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ബെന്‍ ആന്‍ഡ് ജെറീസ് സ്ഥാപകര്‍. ഐസ്‌ക്രീം ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ യൂണിലിവര്‍ വിലക്ക് ലംഘിച്ചാണ് സ്വന്തമായി ഐസ്‌ക്രീം നിര്‍മിക്കുന്നത്. സഹസ്ഥാപകന്‍ ബെന്‍ കോഹന്‍ ആണ് പ്രഖ്യാപനം നടത്തിയത്.

ഇസ്രയേല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍ക്കുന്നത് നേരത്തെ ബെന്‍ ആന്‍ഡ് ജെറീസ് നിര്‍ത്തലാക്കിയിരുന്നു. പിന്നീട്, യൂണിലിവര്‍ കമ്പനിയിലെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കിയ ശേഷമാണ് ഈ വിലക്ക് നീക്കിയത്. ഇതിനുശേഷവും മാതൃകമ്പനിയുമായി രൂക്ഷമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസം തുടരുന്നുണ്ട് കമ്പനി സ്ഥാപകര്‍.

ജൂതവംശജര്‍ കൂടിയായ ബെന്‍ കോഹനും ജെറി ഗ്രീന്‍ഫീല്‍ഡും ചേര്‍ന്നാണ് ബെന്‍ ആന്‍ഡ് ജെറീസ് ഐസ്‌ക്രീം കമ്പനിക്കു തുടക്കമിടുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമേരിക്കയിലെ പ്രധാന ഐസ്‌ക്രീം കമ്പനികളിലൊന്നായി ഇതു മാറി.

എന്നാല്‍, രാഷ്ട്രീയമായി എന്നും ഇസ്രയേലിന്റെ എതിര്‍പക്ഷത്താണ് കോഹനും ഗ്രീന്‍ഫീല്‍ഡും നിലയുറപ്പിക്കാറുള്ളത്. എന്നും ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കാറുള്ള ഇവര്‍, ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുമുണ്ട്.

ഇതിനിടെയാണ്, ഫലസ്തീന്‍ തീമില്‍ ബെന്‍ ആന്‍ഡ് ജെറീസില്‍ ഐസ്‌ക്രീം നിര്‍മിക്കാന്‍ ഇവര്‍ ആലോചിക്കുന്നത്. എന്നാല്‍, നീക്കം യൂണിലിവര്‍ തടയുകയായിരുന്നു. ഇതോടെ, സ്വന്തം ബ്രാന്‍ഡായ ‘ബെന്‍സ് ബെസ്റ്റി’നു കീഴില്‍ ഇതു നിര്‍മിക്കാനാണ് കോഹന്റെ പദ്ധതി. ഫലസ്തീന്‍ വിമോചനപോരാട്ടത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന തണ്ണീര്‍മത്തന്റെ രുചിയിലുള്ള ഐസ്‌ക്രീം ആണ് ‘പീസ് ഇന്‍ ഫലസ്തീന്‍’ എന്ന പേരില്‍ പുറത്തിറക്കുന്നത്.

ഇതിലൂടെ ഫലസ്തീനിലെ ശാശ്വത സമാധാനത്തിനും അവിടെ സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി ശബ്ദമുയര്‍ത്താനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ബെന്‍ കോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഐസ്‌ക്രീമിന്റെ പേരും മറ്റ് ചേരുവകളും തിരഞ്ഞെടുക്കാന്‍ അദ്ദേഹം പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.

പലസ്തീന്‍ അനുകൂല നിലപാടിന്റെ പേരില്‍ പലതവണ യൂണിലിവറുമായി ബെന്‍ ആന്‍ഡ് ജെറീസ് ഏറ്റുമുട്ടിയിരുന്നു. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുക എന്ന ബ്രാന്‍ഡിന്റെ ദൗത്യത്തില്‍ നിന്ന് യൂണിലിവര്‍ പിന്നോട്ട് പോകാന്‍ ശ്രമിക്കുകയാണെന്ന് കോഹന്‍ ആരോപിക്കുന്നു.

Also read: