26/01/2026

ചാണകവും ഇനി മാരുതിക്ക് ഇന്ധനമാകും; ബയോ ഗ്യാസ് എന്‍ജിനില്‍ വരുന്നു, വിക്ടോറിസ്

 ചാണകവും ഇനി മാരുതിക്ക് ഇന്ധനമാകും; ബയോ ഗ്യാസ് എന്‍ജിനില്‍ വരുന്നു, വിക്ടോറിസ്

മാരുതി സുസുക്കി അടുത്തിടെ വിപണിയിലെത്തിച്ച സാങ്കേതികമായി ഏറെ മുന്നിലുള്ള എസ്‌യുവിയാണ് വിക്ടോറിസ്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്ക് പുറമെ, ഇനി കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) വേരിയന്റും അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു. വിക്ടോറിസിന്റെ ഈ പുതിയ സിബിജി മോഡല്‍ 2025ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രോട്ടോടൈപ്പ് ആയി പ്രദര്‍ശിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഈ മോഡലിന്റെ ലോഞ്ച് തീയതി സംബന്ധിച്ച് നിലവില്‍ സ്ഥിരീകരണമൊന്നുമില്ല.

നിലവിലുള്ള സിഎന്‍ജി പതിപ്പിലെ 1.5 ലിറ്റര്‍ കെ15 നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയാകും പുതിയ സിബിജി വകഭേദം എത്തുക. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഉറവിടമാണ് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യം. പ്രകൃതിവാതകങ്ങളില്‍നിന്നാണ് സിഎന്‍ജി വേര്‍തിരിക്കുന്നതെങ്കില്‍ അഴുകുന്ന ജൈവ വസ്തുകളില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന വാതകങ്ങളാണ് സിബിജി.

സാധാരണ സിഎന്‍ജിയില്‍നിന്നു വ്യത്യസ്തമായി, കാര്‍ഷിക മാലിന്യം, കന്നുകാലികളുടെ ചാണകം, മുനിസിപ്പല്‍ മാലിന്യം എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പുനരുപയോഗ സാധ്യതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഇന്ധനമാണ് സിബിജി. ഇത് വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. മാലിന്യ സംസ്‌കരണം, കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കല്‍ തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മാരുതിയുടെ ഈ നീക്കം സഹായകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Also read: