സമാധാന നൊബേല്‍ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക്
ഓസ്ലൊ: ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയെ ആണു പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനുമായി നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്നാണ് നൊബേല്‍ കമ്മിറ്റി അറിയിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന നൊബേലിന് നിരന്തരം അവകാശവാദം ഉന്നയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെയും ഇതേ വാദം അദ്ദേഹം ആവര്‍ത്തിച്ചു. എട്ട് യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിച്ചയാളാണ് താനെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പുരസ്കാരം കിട്ടിയില്ലെങ്കില്‍ അമേരിക്കയ്ക്ക് അപമാനമാകുമെന്നും അദ്ദേഹം വാദിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഒന്നും ചെയ്യാതെയാണ് നൊബേല്‍ കിട്ടിയതെന്നും തൊട്ടുംമുന്പ് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, വെനസ്വേലയിലെ നിക്കോളാസ് മദുറോയുടെ ഇടതു ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ ലാറ്റിനമേരിക്കയിലെ തന്നെ പ്രമുഖ വനിതാ രാഷ്ട്രീയ മുഖങ്ങളിലൊരാളായ മരിയ കൊറീനയെ നൊബേല്‍ കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയയാളാണ് അവര്‍.
വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവ് എന്നാണ് മരിയ കൊറീന മച്ചാഡോയെ നൊബേല്‍ കമ്മിറ്റി വിശേഷിപ്പിച്ചിരിക്കുന്നത്.