27/01/2026

ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന് റിയാദ് വേദിയാകുന്നു; ചൊവ്വാഴ്ച മുതൽ 15 ദിവസം കായിക ആരവം

 ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന് റിയാദ് വേദിയാകുന്നു; ചൊവ്വാഴ്ച മുതൽ 15 ദിവസം കായിക ആരവം


റിയാദ്: ഇസ്ലാമിക് സോളിഡാരിറ്റി സ്പോർട്സ് ഫെഡറേഷൻ്റെ (ISSA) ആഭിമുഖ്യത്തിലുള്ള ആറാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസ് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ. നവംബർ 7 മുതൽ 21 വരെയാണ് മത്സരങ്ങൾ നടക്കുക.
രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം ഇതാദ്യമായി സൌദി ആതിഥേയത്വം വഹിക്കുന്ന ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ്റെ (OIC) ഭാഗമായ 50-ൽ അധികം രാജ്യങ്ങളിൽ നിന്നായി 3,000-ലേറെ കായികതാരങ്ങൾ പങ്കെടുക്കും. ഇസ്ലാമിക ഐക്യം, സാംസ്കാരിക വിനിമയം, സാഹോദര്യം എന്നിവയാണ് ഗെയിംസിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
21 കായിക ഇനങ്ങളും 2 പാരാ-കായിക ഇനങ്ങളും ഇത്തവണത്തെ ഗെയിംസിൻ്റെ ഭാഗമാണ്. സൗദി പൈതൃകം വിളിച്ചോതുന്ന ഒട്ടകയോട്ടം, ഇ-സ്പോർട്സ്, വുഷു, മ്യുവായ് തായ് എന്നിവ ആദ്യമായി ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
അത്‌ലറ്റിക്‌സ്, ഫെൻസിങ്, 3×3 ബാസ്‌ക്കറ്റ്‌ബോൾ, നീന്തൽ, ഹാൻഡ്‌ബോൾ, വോളിബോൾ, ഫുട്‌സാൽ, കരാട്ടെ, ജൂഡോ, തായ്ക്വാൻഡോ, ബോക്‌സിങ്, ഭാരോദ്വഹനം, ഇക്വസ്ട്രിയൻ (ഷോ ജമ്പിംഗ്), ഡ്യുവത്ത്‌ലോൺ, ജിയു-ജിറ്റ്‌സു, ഗുസ്തി എന്നിവ ഗെയിംസിലെ പ്രധാന കായിക ഇനങ്ങളാണ്.
സൗദി ഒളിമ്പിക് & പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പ്രിൻസ് ഫഹദ് ബിൻ ജലാവി അധ്യക്ഷനായ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റിയാണ് റിയാദിലെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. അന്താരാഷ്ട്ര ടെസ്റ്റിംഗ് ഏജൻസി (ITA) വഴി ഡോപ്പിംഗ് വിരുദ്ധ നടപടികൾ ഉറപ്പാക്കി മത്സരങ്ങളുടെ സംശുദ്ധ നിലവാരും നിലനിർത്തും. മത്സരങ്ങൾ കൂടാതെ സംഗീത പരിപാടികൾ, ഫാൻ സോണുകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്.

Also read: