28/03/2026
[fontresizer_tawhidurrahmandear_widget]

കേന്ദ്രത്തിന്റെ നൈപുണ്യ വിക‌സന പദ്ധതിയിൽ വ്യാജരേഖകളുടെ ‘അയ്യരുകളി; 178 സെൻ്ററുകൾ കരിമ്പട്ടികയിൽ, 59 എണ്ണം യു.പിയിൽ

 കേന്ദ്രത്തിന്റെ നൈപുണ്യ വിക‌സന പദ്ധതിയിൽ വ്യാജരേഖകളുടെ ‘അയ്യരുകളി;  178 സെൻ്ററുകൾ കരിമ്പട്ടികയിൽ, 59 എണ്ണം യു.പിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മുൻനിര നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) യിൽ രാജ്യവ്യാപകമായി വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്.

വ്യാജ രേഖകൾ, പരിശീലനത്തിന് വരാത്ത വിദ്യാർത്ഥികൾ, രേഖകളിൽ മാത്രം പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വെളിപ്പെടുത്തൽ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് (MSDE) വലിയ നാണക്കേടുണ്ടാക്കി.

ഇന്ത്യൻ യുവജനങ്ങളെ തൊഴിലധിഷ്ഠിത നൈപുണ്യത്തിനായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 2015-ൽ ആരംഭിച്ച PMKVY വഴി ഇതുവരെ 1.64 കോടിയിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എന്നാൽ, 2022 ന് ശേഷം, ബില്ലുകൾ പെരുപ്പിച്ചു കാട്ടൽ, ഹാജർ രേഖകളിൽ കൃത്രിമം, കടലാസിൽ മാത്രമുള്ള പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു.

തുടർന്ന് നടത്തിയ വിശദമായ അവലോകനത്തിനും പരിശോധനയ്ക്കും ശേഷം, പദ്ധതി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള 178 പരിശീലന പങ്കാളികളെയും പരിശീലന കേന്ദ്രങ്ങളെയും MSDE യും NSDC യും കരിമ്പട്ടികയിൽ പെടുത്തി.

വൻതോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും ഫണ്ട് തിരിച്ചുപിടിക്കലും ആരംഭിച്ചതായി മന്ത്രാലയം ഒക്ടോബർ 30-ന് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മിഷൻ ഡയറക്ടർമാർക്കും അയച്ച കത്തിൽ സമ്മതിച്ചിട്ടുണ്ട്.

തട്ടിപ്പുകളുടെ വ്യാപ്തി രാജ്യവ്യാപകമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 59 സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ ഡൽഹി (25), മധ്യപ്രദേശ് (24), രാജസ്ഥാൻ (20) എന്നിവയുമുണ്ട്. മഹാരാഷ്ട്ര, ജമ്മു & കശ്മീർ, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം, തമിഴ്നാട് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Also read: