02/04/2026
[fontresizer_tawhidurrahmandear_widget]

‘ബണ്ടി ചോര്‍ കേരളത്തില്‍ വന്നത് അഡ്വ. ആളൂരിനെ കാണാന്‍; മരിച്ച വിവരം അറിഞ്ഞില്ല’

 ‘ബണ്ടി ചോര്‍ കേരളത്തില്‍ വന്നത് അഡ്വ. ആളൂരിനെ കാണാന്‍; മരിച്ച വിവരം അറിഞ്ഞില്ല’

കൊച്ചി: രാജ്യത്ത് 700-ലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ കേരളത്തില്‍ വന്നത് അന്തരിച്ച ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരിനെ കാണാന്‍. ആളൂരിന്റെ മരണവിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എറണാകുളം റെയില്‍വേ പോലീസ് ആണ് കഴിഞ്ഞ ദിവസം ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിലവില്‍ കേസുകളില്ലാത്തതിനാലും, നല്‍കിയ മൊഴി സ്ഥിരീകരിച്ചതിനാലും പോലീസ് പിന്നീട് വിട്ടയച്ചു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റെയില്‍വേ പോലീസ് സ്‌ക്വാഡ് ബണ്ടി ചോറിനെ തിരിച്ചറിയുകയും സംശയം തോന്നിയതിനെ തുടര്‍ന്ന് കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കേരള ഹൈക്കോടതിയിലുള്ള ഒരു കേസിന്റെ ആവശ്യത്തിനായിട്ടാണ് താന്‍ കേരളത്തിലെത്തിയതെന്നാണ് ബണ്ടി ചോര്‍ പോലീസിന് നല്‍കിയ മൊഴി. തൃശ്ശൂരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍ വിട്ടുകിട്ടുന്നതിനായി ഹരജി നല്‍കാന്‍, അന്തരിച്ച അഭിഭാഷകന്‍ ബി.എ ആളൂരിനെ കാണാനാണ് എത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍, അഡ്വ. ആളൂര്‍ മരണപ്പെട്ട വിവരം ബണ്ടി ചോര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന്, പോലീസ് ആളൂരിന്റെ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ബണ്ടി ചോര്‍ നല്‍കിയ മൊഴി സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നിലവില്‍ കേരളത്തില്‍ ബണ്ടി ചോറിനെതിരെ പുതിയ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഇയാളെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചതായി പോലീസ് അറിയിച്ചു.

ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മോഷണം നടത്തുന്നതില്‍ കുപ്രസിദ്ധനാണ് 55 വയസ്സുകാരനായ ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ പോലും തകര്‍ത്ത് മോഷണം നടത്തുന്നതില്‍ ഇയാള്‍ വിദഗ്ധനാണ്. 2013-ല്‍ തിരുവനന്തപുരത്തെ ഒരു പ്രവാസി വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആഡംബര കാര്‍ ഉള്‍പ്പെടെ മോഷ്ടിച്ച കേസിലാണ് ഇയാള്‍ കേരളത്തില്‍ നേരത്തെ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചത്.

Also read: