28/03/2026
[fontresizer_tawhidurrahmandear_widget]

ഈ 5 ‘വിഭവങ്ങള്‍’ വെട്ടിവിഴുങ്ങുമ്പോള്‍ സൂക്ഷിക്കുക! പ്രമേഹവും ഹൃദ്രോഗവും പൊണ്ണത്തടിയും വിളിച്ചുവരുത്തും

 ഈ 5 ‘വിഭവങ്ങള്‍’ വെട്ടിവിഴുങ്ങുമ്പോള്‍ സൂക്ഷിക്കുക! പ്രമേഹവും ഹൃദ്രോഗവും പൊണ്ണത്തടിയും വിളിച്ചുവരുത്തും

മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവും പുതുതലമുറയുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന അഞ്ച് ജനപ്രിയ ഇന്ത്യന്‍ ഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് പ്രമുഖ പോഷകാഹാര വിദഗ്ധയായ സുമന്‍ അഗര്‍വാള്‍. ‘ദി മസൂം മിനാവാല ഷോ’യുടെ എപ്പിസോഡിലാണ് ഇവര്‍ ആ പട്ടിക പുറത്തുവിട്ടത്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളാണ് അഗര്‍വാളിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവ കേവലം ‘സ്‌നാക്കുകള്‍’ എന്നതിലുപരി നമ്മുടെ ദൈനംദിന ശീലങ്ങളുടെ ഭാഗമാണ്. എന്നാല്‍, ഈ ഇഷ്ട വിഭവങ്ങള്‍ നിശബ്ദമായി ആരോഗ്യപ്രശ്‌നങ്ങളിലേക്കും കാന്‍സറിലേക്കും വരെ നയിച്ചേക്കാം എന്നും അഗര്‍വാള്‍ ഓര്‍മിപ്പിക്കുന്നു.

ആരോഗ്യത്തിന് ദോഷകരമാകുന്ന 5 വിഭവങ്ങള്‍
പോഷകാഹാര വിദഗ്ദ്ധന്‍ സുമന്‍ അഗര്‍വാള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്ന വിഭവങ്ങളും അവയുടെ ആരോഗ്യപ്രശ്‌നങ്ങളും താഴെക്കൊടുക്കുന്നു:

എല്ലാവര്‍ക്കും പ്രിയപ്പെട്ട വിഭവമായിരിക്കും ജിലേബി. പക്ഷേ, പ്രിയം കൊണ്ട് കണക്കറ്റ് കഴിച്ചാല്‍ പണിവരുന്ന വഴിയും കാണില്ല. അമിതവണ്ണം, ഫാറ്റി ലിവര്‍ പോലെയുള്ള രോഗങ്ങള്‍ക്കിടയാക്കും. പഞ്ചസാര സിറപ്പ് ചേര്‍ത്തതും എണ്ണയില്‍ വറുത്തതുമായതിനാല്‍, ജിലേബിയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ട്രാന്‍സ് ഫാറ്റും അടങ്ങിയിരിക്കുന്നു.

സമോസയാണ് മറ്റൊരു വിഭവം. കണ്ടാല്‍, പാവമായിക്കാം… എന്നാല്‍, അമിതവണ്ണം, ദഹനപ്രശ്‌നങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് വരെ കൊണ്ടെത്തിക്കാന്‍ സമൂസയ്ക്കാകും. എണ്ണയില്‍ വറുക്കുന്ന മാവിന്റെ പുറംതോടും അന്നജവും അനാരോഗ്യകരമായ കൊഴുപ്പുമെല്ലാമാണ് അതില്‍ ഭയക്കേണ്ടത്.

അടയ്ക്കയും വെറ്റിലയും ശീലമുള്ള പഴയ തലമുറക്കാര്‍ നമ്മുടെയെല്ലാം വീട്ടിലുണ്ടാകും. വായിലെ അര്‍ബുദം, മോണരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും ഈ ശീലം. കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അതിനകത്ത് അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണു കാരണം.

പപ്പടമില്ലാതെ എന്ത് ഊണ്..! അല്ലേ..! രക്തസമ്മര്‍ദം, ഹൃദയത്തിന് സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കു നയിക്കും പപ്പടം എന്ന് അറിയുമോ? ഉയര്‍ന്ന സോഡിയവും, പലപ്പോഴും വറുത്ത് ഉപയോഗിക്കുന്നതുമാണ് വില്ലനാകുന്നത്

വൈകീട്ട് ചായയ്‌ക്കൊപ്പം മിക്‌സ്ചര്‍ കിട്ടിയാല്‍ എത്ര വേണമെങ്കിലും അകത്താക്കും. പക്ഷേ, അതത്ര നല്ല ശീലമല്ല കെട്ടോ… ശരീരഭാരം കൂട്ടാനും, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ വിളിച്ചുവരുത്താനും സാധ്യതയുള്ളതാണ് മിക്‌സ്ചര്‍. എണ്ണ, മാവ്, ഉപ്പ് എന്നിവയുടെ അമിതമായ അളവ് തന്നെയാണ് വില്ലന്‍.

പപ്പടം പോലുള്ള വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ എണ്ണയില്ലാതെ ചുട്ടെടുത്ത പപ്പടം വളരെ മിതമായ അളവില്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് സുമന്‍ അഗര്‍വാള്‍ നിര്‍ദേശിക്കുന്നത്. പതിവായുള്ള ഇത്തരം ഭക്ഷണങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കിടയാക്കുകയും പ്രമേഹത്തിനുമുള്ള സാധ്യത വളരെയധികം കൂട്ടുകയും ചെയ്യും.

Also read: