28/03/2026
[fontresizer_tawhidurrahmandear_widget]

വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ; ഇന്ത്യയില്‍ നിന്നുള്ള 74% അപേക്ഷകള്‍ തള്ളി

 വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ കടുപ്പിച്ച് കാനഡ; ഇന്ത്യയില്‍ നിന്നുള്ള 74% അപേക്ഷകള്‍ തള്ളി

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് കാനഡ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. താല്‍ക്കാലിക കുടിയേറ്റം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്.

ഇതിന്റെ ഫലമായി, 2024 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പഠന പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റില്‍ ഇത് ഏകദേശം 32% മാത്രമായിരുന്നു. അതേസമയം, ആ മാസങ്ങളില്‍ അന്താരാഷ്ട്ര അപേക്ഷകരുടെ മൊത്തത്തിലുള്ള നിരസിക്കല്‍ നിരക്ക് ഏകദേശം 40% ആയിരുന്നു. ചൈനയില്‍ നിന്നുള്ള അപേക്ഷകളില്‍ 24% മാത്രമാണ് നിരസിക്കപ്പെട്ടതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റില്‍ 20,900 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച സ്ഥാനത്ത്, 2024 ഓഗസ്റ്റില്‍ അപേക്ഷിച്ചത് 4,515 വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി കാനഡയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സ്രോതസ്സാണ് ഇന്ത്യയെങ്കിലും, നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരസിക്കല്‍ നിരക്ക് ഇന്ത്യയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തട്ടിപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സൂക്ഷ്മപരിശോധനകള്‍ കൂട്ടിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. 2023-ല്‍ 1,550-ല്‍ അധികം വ്യാജ പ്രവേശന രേഖകള്‍ കനേഡിയന്‍ അധികൃതര്‍ കണ്ടെത്തി. ഇവയില്‍ മിക്കതും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയും കാനഡയും ശ്രമിക്കുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള വിസ റദ്ദാക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കനേഡിയന്‍ സര്‍വകലാശാലകളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഗണ്യമായ കുറവ് പ്രകടമാണ്. അപേക്ഷകര്‍ക്ക് ഇനി കൂടുതല്‍ വിശദമായ പരിശോധനകള്‍ നേരിടേണ്ടിവരും. സാമ്പത്തിക രേഖകള്‍ മാത്രം മതിയാകില്ലെന്നും, വിദ്യാര്‍ത്ഥികള്‍ ഫണ്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് തെളിയിക്കാന്‍ തയ്യാറാകണമെന്നും ടൊറന്റോ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്റ് മൈക്കല്‍ പിയട്രോകാര്‍ലോ വ്യക്തമാക്കി.

Also read: