27/01/2026

ആകാശം മുട്ടേ ‘സീല്‍ ദുബൈ’ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍ തുറന്നു

 ആകാശം മുട്ടേ ‘സീല്‍ ദുബൈ’ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍  ദുബൈയില്‍ തുറന്നു

ദുബൈ: ആകാശരേഖയില്‍ പുതിയൊരു വിസ്മയം തീര്‍ത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സീല്‍ ദുബൈ മറീന പ്രവര്‍ത്തനമാരംഭിച്ചു. 82 നിലകളോടെ, വളഞ്ഞ രൂപകല്‍പ്പനയില്‍ ഗ്ലാസ് ടവറായി ഉയര്‍ന്നുനില്‍ക്കുന്ന ഈ ആഢംബര നിര്‍മ്മിതി നഗരത്തിന്റെ മനോഹാരിത പൂര്‍ണ്ണമായി ഒപ്പിയെടുക്കുന്നു.

ഔദ്യോഗികമായി തുറക്കുന്നതിന് മുന്നോടിയായി ഹോട്ടല്‍ മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കിയിരുന്നു. പ്രകാശത്തെയും കാഴ്ചകളെയും കേന്ദ്രീകരിച്ചാണ് ഈ ആകാശ റിസോര്‍ട്ടിന്റെ രൂപകല്‍പ്പന. പുറത്ത് ഓവല്‍ ആകൃതിയിലുള്ള നീല ഗ്ലാസ് സ്തംഭം പോലെ കാണപ്പെടുന്ന ടവറിനുള്ളില്‍ വലിയ ജനലുകളും മൃദുവായ നിറങ്ങളുമാണ് ശ്രദ്ധേയം.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന ലിഫ്റ്റുകള്‍ വഴി അതിഥികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നഗരത്തിന് മുകളിലെ നിലകളില്‍ എത്താന്‍ സാധിക്കും. ഇവിടെ നിന്ന് നോക്കിയാല്‍ പാം ജുമൈറ, ബുര്‍ജ് അല്‍ അറബ്, ബ്ലൂ വാട്ടര്‍ ഐലന്‍ഡ്, അതുപോലെ ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള ദുബൈയുടെ വിശാലമായ ആകാശരേഖ ഒറ്റ ഫ്രെയിമില്‍ കാണാം. താഴെ മറീനയിലൂടെ നീങ്ങുന്ന ബോട്ടുകളും, വിമാനങ്ങള്‍ പറന്നിറങ്ങുന്നതും, റോഡിലെ വാഹനങ്ങളുടെ നീക്കങ്ങളും ഇവിടെ നിന്നുള്ള കാഴ്ചകളാണ്.

മുറികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നഗരക്കാഴ്ചകള്‍ക്ക് പ്രാധാന്യം നല്‍കിയാണ്. പൂര്‍ണ്ണമായും ഗ്ലാസ് കൊണ്ടുള്ള മുന്‍ഭാഗം കാരണം മുറികളില്‍ പ്രകൃതിദത്തമായ വെളിച്ചം നിറയ്കുന്നു. നഗരത്തിന്റെ വ്യത്യസ്തമായ രണ്ട് ദൃശ്യങ്ങളെ അഭിമുഖീകരിക്കുന്ന രണ്ട് അനന്തമായ പൂളുകള്‍ ഹോട്ടലിന്റെ പ്രത്യേകതയാണ്. ഇതില്‍, 76ാം നിലയില്‍ സ്ഥിതി ചെയ്യുന്ന ടാറ്റു സ്‌കൈ പൂള്‍ 310 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂളുകളിലൊന്നായാണ് അറിയപ്പെടുന്നത്. കൂടാതെ, 81ാം നിലയില്‍ 360 ഡിഗ്രി ഗ്ലാസ് സ്‌കൈ ലോഞ്ച് അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വ്യത്യസ്ത നിലകളിലായി വ്യാപിച്ചു കിടക്കുന്ന എട്ട് ഡൈനിംഗ് ഓപ്ഷനുകള്‍ ഇവിടെ ലഭ്യമാണ്. അതില്‍ ഈസ്റ്റ്14ല്‍ ഏഷ്യന്‍ വിഭവങ്ങളും വെസ്റ്റ്13ല്‍ മെഡിറ്ററേനിയന്‍ വിഭവങ്ങളും ലഭിക്കും. കൂടാതെ 61ാം ലെവലില്‍ ഒരു സ്പായും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജിമ്മും ഹോട്ടലിലുണ്ട്. കടലിനും ആകാശത്തിനും ഇടയില്‍ മറക്കാനാവാത്ത അനുഭവം വാഗ്ദാനം ചെയ്ത് സീല്‍ ദുബായ് മറീന ഇന്ന് മുതല്‍ അതിഥികളെ സ്വീകരിക്കും.

Also read: