ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പ്: ഇന്തോനേഷ്യന്‍ സംഘത്തെ തോല്‍പ്പിച്ച് ദാറുല്‍ ഹുദാ ജേതാക്കള്‍
മസ്കത്ത്: ഖത്തര്‍ ഡിബേറ്റിന് കീഴില്‍ ഒമാനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂനിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂനിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലില്‍ എതിരാളികള്‍.
ലെബനാന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റി, ഖത്തറിലെ ലുസൈല്‍ യൂനിവേഴ്സിറ്റി, തായ്ലന്ഡ്, ഒമാന്‍, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും ബെസ്റ്റ് ഡിബേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു.
18 രാജ്യങ്ങളില്‍നിന്നായി 40ഓളം ടീമുകള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദായുടെ രണ്ട് ടീമുകളാണ് പങ്കെടുത്തത്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികളായ ഫഹ്മിദ് ഖാന് അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചോലേമ്പ്ര, അബ്ദുല്‍ മുഹൈമിന് വെള്ളില, മുഹമ്മദ് കണ്ണാടിപ്പറമ്പ് എന്നിവരാണ് ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ദാറുല്‍ഹുദായുടെ തന്നെ അഫിലിയേറ്റഡ് സ്ഥാപനമായ സബീലുല്‍ ഹിദായ അറബിക് കോളജിനെ പ്രതിനിധീകരിച്ച് ഡിഗ്രി വിദ്യാര്‍ഥികളായ രിഫാഅത്, മുദ്ദസിര് സിനാന്, തന്‍സീഹ്, ലബീബ് എന്നിവരും പങ്കെടുത്തു.