ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ ധര്‍മ്മേന്ദ്ര വിടവാങ്ങി
മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം.
1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്‌കെ ചുപ്‌കെ തുടങ്ങി നിരവധി വിജയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2012ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരിന്നു. അടുത്ത മാസം 25 ന് റിലീസ് ചെയ്യുന്ന ഇക്കിസ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
പ്രകാശ് കൗര്‍, നടി ഹേമ മാലിനി എന്നിവര്‍ ഭാര്യമാരാണ്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍, അഹാന ഡിയോള്‍ മക്കളുമാണ്.