30/03/2026
[fontresizer_tawhidurrahmandear_widget]

ISI ചാരവൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നത് മുസ്‌ലിംകളെക്കാളും ഹിന്ദുക്കളെയെന്ന് അജിത് ഡോവൽ; വിവാദമായപ്പോൾ ‘ഡീപ്ഫേക്ക്’ എന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻ്റെ വിശദീകരണം

 ISI ചാരവൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നത് മുസ്‌ലിംകളെക്കാളും ഹിന്ദുക്കളെയെന്ന് അജിത് ഡോവൽ; വിവാദമായപ്പോൾ ‘ഡീപ്ഫേക്ക്’ എന്ന് ദേശീയ സുരക്ഷാ  ഉപദേഷ്ടാവിൻ്റെ വിശദീകരണം

2014ലെ വിഡിയോ പുറത്തു കൊണ്ടുവന്ന് ‘ആൾട്ട് ന്യൂസ്’

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയെന്ന് പറയപ്പെടുന്ന വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ഡീപ്‌ഫേക്ക് ആരോപണം തള്ളി പ്രമുഖ വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ‘ആള്‍ട്ട് ന്യൂസ്’. പാകിസ്താന്റെ ചാരസംഘമായ ഐഎസ്‌ഐ ഇന്ത്യയില്‍ മുസ്ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളതെന്നാണ് പുറത്തുവന്ന വിഡിയോയില്‍ ഡോവല്‍ പറയുന്നത്. ഇതു സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ പരാമര്‍ശം ഡീപ്‌ഫേക്ക് ആണെന്നും തന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും സുരക്ഷാ ഉപദേഷ്ടാവ് വാദിച്ചിരുന്നു.

എന്നാല്‍, ഡോവല്‍ പറയുന്ന വീഡിയോ ക്ലിപ്പ് യഥാര്‍ത്ഥത്തില്‍ 2014ല്‍ നടന്ന ഒരു പ്രഭാഷണത്തില്‍ നിന്നുള്ളതാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിവാദമായ 35 സെക്കന്‍ഡ് ക്ലിപ്പ് ഡീപ്‌ഫേക്ക് അല്ലെന്നും, അത് ഡോവലിന്റെ വാക്കുകള്‍ തന്നെയാണെന്നും ആള്‍ട്ട് ന്യൂസ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചത്.

റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി നടത്തിയ പരിശോധനയില്‍, ഈ ഭാഗം 2014 മാര്‍ച്ച് 11-ന് ഓസ്ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘ഗ്ലോബല്‍ ചലഞ്ചസ് സീരീസി’ലെ ഡോവലിന്റെ 1 മണിക്കൂര്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രഭാഷണത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. വീഡിയോയുടെ 1:04:00 സമയത്ത് ഡോവല്‍ ഇങ്ങനെ പറയുന്നു: ‘ഞാന്‍ തുറന്നുപറഞ്ഞ സ്ഥിതിക്ക്, ഒരു ചെറിയ കാര്യം കൂടി പറയാം… ഇന്ത്യയില്‍ രഹസ്യാന്വേഷണ കാര്യങ്ങള്‍ക്കായി ഐഎസ്‌ഐ റിക്രൂട്ട് ചെയ്ത വ്യക്തികളില്‍ മുസ്ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളാണ് ഉണ്ടായിരുന്നത്. 1947 മുതലുള്ള കേസുകള്‍ എടുത്താല്‍, 4,000ത്തിലധികം കേസുകളില്‍, 20% പോലും മുസ്ലിംകള്‍ ഉണ്ടാവില്ല. അതിനാല്‍, ഇത് വളരെ തെറ്റായ ഒരു ധാരണയാണ്. നമ്മള്‍ മുസ്ലിംകളെ കൂടെ കൂട്ടണം, നമ്മള്‍ ഈ രാജ്യത്തെ ഒരു മഹത്തായ രാജ്യമാക്കും.’

ഈ പ്രസ്താവന നടത്തുന്നതിന് മുമ്പ്, ഡോവല്‍ ഭീകരവാദത്തെ വര്‍ഗീയമായി കാണരുതെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടം എന്നത് മുസ്ലിംകളും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്‌നമല്ല. മറിച്ച് അതൊരു ദേശീയ പ്രശ്‌നമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഭീകരവാദത്തെ ഇന്ത്യന്‍ മുസ്ലിംകള്‍ സ്ഥിരമായി എതിര്‍ത്തിട്ടുണ്ടെന്ന് ഡോവല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2012-ല്‍ രാംലീല മൈതാനത്ത് 50,000 മൗലാനമാര്‍ ആഗോള ഭീകരവാദത്തിനെതിരെ ഫത്വ പുറപ്പെടുവിച്ച സംഭവം അദ്ദേഹം ഉദാഹരണമായി സൂചിപ്പിക്കുന്നു. ഭീകരവാദത്തിന്റെ ഇരകള്‍ 90% മുസ്ലിംകളാണ്, 10% മാത്രമാണ് അമുസ്ലിംകളെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുമായി സംസാരിക്കുകയും അവരെ പങ്കാളികളാക്കുകയും ചെയ്തുകൊണ്ടുള്ള ഒരു കൂട്ടായ തന്ത്രം ആവിഷ്‌കരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും ഡോവല്‍ അഭിപ്രായപ്പെട്ടു. ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെ വര്‍ഗീയ സ്വത്വവുമായി കൂട്ടിക്കെട്ടരുതെന്നും അദ്ദേഹം ശക്തമായി വാദിക്കുന്നുണ്ട്, ഇതേ വിഡിയോയില്‍.

ദിവസങ്ങള്‍ക്കുമുന്‍പ് ഇതേ വിഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ, താന്‍ അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും വീഡിയോ ഡീപ്‌ഫേക്ക് ആയിരിക്കാനാണ് സാധ്യതയെന്നും എന്‍.എസ്.എ അജിത് ഡോവല്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. പൊതുജനാഭിപ്രായം സ്വാധീനിക്കാന്‍ വേണ്ടി നിര്‍മിച്ച ക്ലിപ്പാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എങ്കിലും, ആള്‍ട്ട് ന്യൂസിന്റെ കണ്ടെത്തലുകള്‍ പ്രകാരം, ക്ലിപ്പ് ഡീപ്‌ഫേക്ക് അല്ലെന്നും, 2014-ല്‍ ഡോവല്‍ സ്വന്തമായി പറഞ്ഞ വാക്കുകളാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

Also read: