സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാബാനു ബീഗത്തിന്റെ കുടുംബം; ഇമ്രാന്‍ ഹാഷ്മിയുടെ ‘ഹഖ്’ നിയമക്കുരുക്കില്
ഇന്‍ഡോര്‍: ഇമ്രാന്‍ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ചിത്രമായ ‘ഹഖ്’ നിയമക്കുരുക്കില്‍. 1985ലെ സുപ്രധാന കേസായ മുഹമ്മദ് അഹമ്മദ് ഖാന്‍ വേഴ്സസ് ഷാബാനു ബീഗം കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഷാബാനു ബീഗത്തിന്റെ നിയമപരമായ അവകാശികളാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്തരിച്ച ഷാബാനുവിന്റെ വ്യക്തിജീവിതം നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഇത് മുസ്്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, ശരീഅത്ത് നിയമത്തെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ചിത്രത്തിന്റെ പ്രസാധനം, പ്രദര്‍ശനം, പ്രമോഷന്‍, റിലീസ് എന്നിവ ഉടനടി തടയണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ചിത്രത്തിന്റെ സംവിധായകന്‍ സുപര്‍ണ്‍ വര്‍മ, നിര്‍മാതാക്കളായ ജംഗ്ലി പിക്ചേഴ്സ്, ബവേജ സ്റ്റുഡിയോസ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നിവര്‍ക്കാണ് നേരത്തെ നിയമപരമായ നോട്ടീസ് അയച്ചിരുന്നത്.
സിനിമ ബാനുവിന്റെ വ്യക്തിജീവിതം എങ്ങനെയാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ സിനിമയുടെ കഥയും പ്രമേയവും നിയമപരമായ അവകാശികളെ അറിയിക്കേണ്ടതണ്ടെന്ന് ബാനു കുടുംബത്തിന്റെ അഭിഭാഷകന്‍ അഡ്വ. തൗസിഫ് ഇസഡ് വാര്‍സി പറഞ്ഞു.
നവംബര്‍ 7-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണു പുതിയ വിവാദം.