27/01/2026

ദമാമിൻ്റെ മുഖച്ഛായ മാറും; ഗ്ലോബൽ സിറ്റിയുടെ ആദ്യഘട്ടം ഈ മാസം സമർപ്പിക്കും

 ദമാമിൻ്റെ മുഖച്ഛായ മാറും; ഗ്ലോബൽ സിറ്റിയുടെ ആദ്യഘട്ടം ഈ മാസം സമർപ്പിക്കും

ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ടൂറിസം, വിനോദ മേഖലകളുടെ മുഖച്ഛായ അടിമുടി മാറ്റാന്‍ പോകുന്ന വമ്പന്‍ പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം രാജ്യത്തിന് സമര്‍പ്പിക്കും. ദമാം ഗ്ലോബൽ സിറ്റി എന്ന ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടം നവംബര്‍ അവസാനത്തോടെ സജ്ജമാകുമെന്നാണു വിവരം. ഒരു തായ് നിക്ഷേപകനുമായി സഹകരിച്ചാണ് ഈ നൂതന പദ്ധതി ഒരുങ്ങുന്നത്.

കിഴക്കൻ പ്രവിശ്യയെ ആഗോള വിനോദകേന്ദ്രമാക്കി മാറ്റുകയും യാത്രികരെയും നിക്ഷേപകരെയും ഒരുപോലെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ സംസ്‌കാര-വിനോദ-വാണിജ്യ സംയോജന പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി പൂര്‍ത്തിയായാല്‍ ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ സന്ദര്‍ശകരെ വന്‍തോതില്‍ എത്തുമെന്നാമു പ്രതീക്ഷിക്കുന്നത്.

വിഷൻ 2030-ഉം സാമ്പത്തിക ലക്ഷ്യങ്ങളും
സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങള്‍ക്കു കീഴില്‍ വരുന്ന ഈ പദ്ധതി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും. 200 ദശലക്ഷം സൗദി റിയാൽ ചെലവിൽ ആരംഭിക്കുന്ന ആദ്യഘട്ടം, മൊത്തത്തിൽ 600 ദശലക്ഷം റിയാലിലധികം വരുമാനം കൊണ്ടുവരുമെന്നാമു കണക്കാക്കുന്നത്.

ദമാം, ഖത്തീഫ് തുടങ്ങിയ പ്രധാന നഗരങ്ങളോട് ചേർന്നുള്ള അബു ഹദ്രിയ റോഡിന് സമീപമാണ് ഗ്ലോബൽ സിറ്റി സ്ഥിതിചെയ്യുന്നത്. ഇത് സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നു. അറേബ്യന്‍ ഗള്‍ഫിന്റെ അതിശയകരമായ കാഴ്ചകളും ഈ നഗരത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു.

പദ്ധതി പൂർത്തിയാകുമ്പോൾ കല, ഭക്ഷണം, പെര്‍ഫോമന്‍സുകള്‍ എന്നിവയുമായി 16 രാജ്യങ്ങളുടെ പവലിയനുകൾ ഇവിടെയുണ്ടാകും. 10,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഓപ്പൺ എയർ തിയേറ്ററാണ് മറ്റൊന്ന്. ലൈവ് മ്യൂസിക്, നാടകങ്ങൾ, പരിപാടികൾ എന്നിവയ്ക്കുള്ള സാംസ്കാരിക കേന്ദ്രമായി ഇതു മാറും.

ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര റെസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതി ഭക്ഷണപ്രേമികള്‍ക്ക് പാചകയാത്രയായിരിക്കും. വമ്പന്‍ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഈ നഗരം കിഴക്കന്‍ പ്രവിശ്യയിലെ ടൂറിസത്തിനും വിനോദത്തിനും പുതിയ മുഖം നല്‍കും. വിശാലമായ ഓപ്പണ്‍ എയര്‍ ഇവന്റ് സ്‌പെയ്‌സുകളും അന്താരാഷ്ട്ര റെസ്‌റ്റോറന്റുകളും ദമാമിനെ സൗദിയുടെ വിനോദനഗരമാക്കി മാറ്റും.

2,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള, കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഈ കൃത്രിമ തടാകം നഗരത്തിന് പുത്തന്‍ കാഴ്ച നൽകും. ഇതിൽ ഫ്‌ലോട്ടിംഗ് റെസ്‌റ്റോറന്റുകളും വാട്ടർ ഗെയിമുകളും ആധുനിക വിനോദ സൗകര്യങ്ങളുമുണ്ടാകും. ഇലക്ട്രോണിക്, പരമ്പരാഗത ഗെയിമുകൾക്കായി പ്രത്യേക തുറന്ന സ്ഥലങ്ങൾ സജ്ജീകരിക്കും.

Also read: