28/03/2026
[fontresizer_tawhidurrahmandear_widget]

യുവ ആർ എസ് എസ് പ്രവർത്തകനെ ബെംഗളൂരുവിൽ ചെന്ന് അറസ്റ്റ് ചെയ്യാൻ ആരാണ് ഗുജറാത്ത് പോലീസിന് അധികാരം നൽകിയത് ? സുബ്രഹ്മണ്യൻ സ്വാമി

 യുവ ആർ എസ് എസ് പ്രവർത്തകനെ ബെംഗളൂരുവിൽ ചെന്ന് അറസ്റ്റ് ചെയ്യാൻ ആരാണ് ഗുജറാത്ത് പോലീസിന് അധികാരം നൽകിയത് ? സുബ്രഹ്മണ്യൻ സ്വാമി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനം കടുപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിനാണ് പൊലീസിന്റെ വിചിത്ര നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് ഇതിന് പൊലീസിന് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

”21 വയസ്സുള്ള ഒരു യുവ ആര്‍എസ്എസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് പൊലീസ് അഞ്ച് ഉദ്യോഗസ്ഥരെയാണ് ബെംഗളൂരുവിലേക്ക് അയച്ചത്. വിചിത്രമായ നടപടിയായിരുന്നു അത്. ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍നിന്ന് അഭിപ്രായ സ്വാതന്ത്ര്യം അവകാശപ്പെടുന്ന ആരെയും പൊലീസ് അടിച്ചമര്‍ത്തുന്നതിനെയാണ് ആ വിദ്യാര്‍ത്ഥി പരിഹസിച്ചത്. ഇതിന് ഗുജറാത്ത് പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ഇതിനെതിരെ കോടതിയില്‍ പോകാമായിരുന്നതാണ്.”-എക്‌സ് പോസ്റ്റില്‍ സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്നുള്ള 21കാരനായ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തത്. മോദി സര്‍ക്കാരിന്റെ നയങ്ങളെ കളിയാക്കുകയും പ്രധാനമന്ത്രിക്കെതിരെ ഹാസ്യ മീമുകള്‍ പങ്കുവയ്ക്കുകയും ചെയ്തതാണ് നടപടിക്കു കാരണം.

അഞ്ചംഗ ഗുജറാത്ത് പൊലീസ് സംഘം ബെഗളൂരുവില്‍ എത്തിയാണ് ഷെട്ടിയെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ ബിജെപി നേതാവായ കപില്‍ മിശ്ര മുന്‍പ് എഎപിയില്‍ ആയിരിക്കെ ഉന്നയിച്ച ആരോപണങ്ങള്‍ ഷെട്ടി തന്റെ ‘എക്‌സ്’ അക്കൗണ്ടില്‍ റീപോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയും യുവാവ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ പരിഹസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റ് വിവരം സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണ് ‘എക്‌സി’ലൂടെ പുറത്തുവിട്ടത്. ‘മോദിയുടെ നയങ്ങളെ വിമര്‍ശിച്ചതിന യുവ ബിജെപി പ്രവര്‍ത്തകന്‍ ഗുരുദത്ത് കര്‍ക്കള ഷെട്ടിയെ ഗുജറാത്ത് സംസ്ഥാന പൊലീസ് സംഘം ഇന്ന് ബെംഗളൂരുവില്‍ എത്തി അറസ്റ്റ് ചെയ്തു. പൊലീസ് അതിക്രമത്തെക്കുറിച്ച് നിരവധി പേര്‍ എന്നോട് പരാതി അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കുകയും ഒരു അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രം മൊഴിയെടുക്കാന്‍ ആവശ്യപ്പെടുകയും വേണം’-സ്വാമി ആവശ്യപ്പെട്ടു.

ഷെട്ടിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍, അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണം ചോദ്യം ചെയ്യലെന്നും സ്വാമി വ്യക്തമാക്കി. ഷെട്ടിയെ ‘എക്‌സി’ല്‍ പിന്തുടരുന്ന സ്വാമിക്ക്, ഇദ്ദേഹത്തിന്റെ വിമര്‍ശന പോസ്റ്റുകള്‍ ടാഗ് ചെയ്യാറുണ്ടായിരുന്നു.

Also read: