03/04/2026
[fontresizer_tawhidurrahmandear_widget]

കേരളത്തെ കുറിച്ച് പ്രചരിക്കുന്നത് പച്ചക്കള്ളം; കുറിപ്പുമായി ക്രിക്കറ്റ് കമൻ്റേറ്റർ ഗുർകീരത് സിങ് ഗിൽ; പോസ്റ്റ് വൈറൽ

 കേരളത്തെ കുറിച്ച് പ്രചരിക്കുന്നത് പച്ചക്കള്ളം; കുറിപ്പുമായി ക്രിക്കറ്റ് കമൻ്റേറ്റർ ഗുർകീരത് സിങ് ഗിൽ; പോസ്റ്റ് വൈറൽ

കൊച്ചി: കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യൻ മുൻവിധികളെ തിരുത്തിക്കുറിച്ചുകൊണ്ട് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും പോഡ്‌കാസ്റ്റ് അവതാരകനുമായ ഗുർകീരത് സിങ് ഗില്ലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നടത്തിയ റോഡ് യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം കേരളത്തിലെ പൗരബോധത്തെയും ഭക്ഷണത്തെയും പുകഴ്ത്തി രംഗത്തെത്തിയത്.

“കഴിഞ്ഞ ആഴ്ച അവധിക്കാലത്ത് പത്ത് ദിവസത്തോളം ഞാൻ കേരളത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ കൊച്ചി വരെ ഞാൻ കാറോടിച്ചാണ് യാത്ര ചെയ്തത്. ഇന്ത്യയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള മറ്റേതൊരു സ്ഥലത്തെക്കാളും മികച്ച പൗരബോധവും സാമൂഹിക മര്യാദയും കേരളത്തിലാണുള്ളതെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

കാറുകൾ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നില്ല, ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ (പിന്നിലിരിക്കുന്നവർ ഉൾപ്പെടെ) ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നില്ല, അതുപോലെ റോഡരികിൽ എവിടെയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായും കാണാനില്ല.

ഒപ്പം, കേരളത്തെക്കുറിച്ച് ഇവിടെ പ്രചരിക്കുന്ന ഒരു മിഥ്യാധാരണ തിരുത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട് – അതായത്, ഇവിടെ ‘പ്യുവർ വെജ്’ (ശുദ്ധ സസ്യാഹാര) ഹോട്ടലുകൾ കിട്ടില്ല എന്നത്. അത് പച്ചക്കള്ളം മാത്രമാണ്. കേരളത്തിൽ ആവശ്യത്തിന് വെജിറ്റേറിയൻ റെസ്റ്റോറന്റുകളും സസ്യാഹാര വിഭവങ്ങളും ലഭ്യമാണ്.

അതിമനോഹരമായ ഒരിടമാണിത്, എല്ലാവരും തീർച്ചയായും ഇവിടം സന്ദർശിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു!”

പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാവുകയും നിരവധി പേർ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. എഐ ക്യാമറകളുടെ കർശന നിരീക്ഷണവും പിഴയുമാണ് ജനങ്ങളെ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പോസ്റ്റിന് താഴെ ഐടി പ്രൊഫഷണലായ റെന്നി ഒ മാത്യൂസ് അഭിപ്രായപ്പെട്ടു. പൂനെയിൽ ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കുന്നത് അപൂർവ്വമാണെന്ന് ചൂണ്ടിക്കാട്ടിയ ഗിൽ, കേരളത്തിലെ സുരക്ഷാ ബോധത്തെ വാനോളം പുകഴ്ത്തി.

ഉത്തരേന്ത്യയിൽ പലപ്പോഴും പ്രചരിക്കാറുള്ള “കേരളത്തിൽ വെജ് ഭക്ഷണം കിട്ടില്ല” എന്ന വാദം തെറ്റാണെന്ന് ഗില്ലിന്റെ അനുഭവം തെളിയിച്ചതായി പലരും ചൂണ്ടിക്കാട്ടി. ഗുജറാത്തിനേക്കാൾ കുറഞ്ഞ നിരക്കിൽ കേരളത്തിൽ ജൈന ഭക്ഷണം ലഭിച്ചുവെന്ന് പ്രിയാൻഷു ഷാ എന്ന സഞ്ചാരിയും കുറിച്ചു.

എന്നിരുന്നാലും, റോഡുകളിൽ നിയമം ലംഘിക്കുന്നവർ ഇപ്പോഴും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചില മലയാളികൾ വിയോജിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.

Also read: