ഗെയിമിങ് പ്രേമികളേ ഇതിലേ…; കരുത്തുറ്റ പ്രോസസറും അതിവേഗ ചാര്‍ജിങ്ങുമായി iQOO 15 ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂ (iQOO) അവരുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ iQOO 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗെയിമിംഗ് പ്രേമികളെ ലക്ഷ്യമിട്ടുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍, കരുത്തേറിയ പ്രൊസസറും വേഗമേറിയ ചാര്‍ജിംഗ് ശേഷിയുമായാണ് വിപണിയിലെത്തുന്നത്.
ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 (Snapdragon 8 Elite Gen 5) ചിപ്‌സെറ്റാണ് iQOO 15ന് കരുത്ത് പകരുന്നത്. ഇതിന് പുറമെ, മികച്ച ഗെയിമിംഗ് അനുഭവം ഉറപ്പാക്കാനായി പ്രത്യേക q3 കമ്പ്യൂട്ടിംഗ് ചിപ്പും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 144Hz റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് 2k അമോലെഡ് (amoled) ഡിസ്‌പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത.
7,000mAh ബാറ്ററിയാണ് ഈ ഫ്‌ലാഗ്ഷിപ്പ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും 40W വയര്‍ലെസ് ചാര്‍ജിംഗ് ശേഷിയും ഇതിനുണ്ട്. 50 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 12GB റാം + 256GB സ്‌റ്റോറേജ് വേരിയന്റിന് 72,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കള്‍ക്ക് 64,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. ഡിസംബര്‍ 1 മുതല്‍ ആമസോണ്‍ വഴിയും മറ്റ് അംഗീകൃത റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും iQOO 15 വില്‍പ്പനയ്ക്ക് എത്തും.