ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നടപടി. സംഭവത്തിൽ ജസ്‌നയ്ക്കെതിരെ പോലീസ് കേസെടുത്തു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ഗുരുവായൂർ പോലീസ് നടപടി സ്വീകരിച്ചത്. റീൽസ് ചിത്രീകരണത്തിൽ പങ്കെടുത്ത ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ വെച്ചാണ് ഇത്തവണ ജസ്ന റീൽസ് ചിത്രീകരിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി നേരത്തെ ശക്തമായ നിലപാട് എടുത്തിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും, ഇത്തരം ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് നിലനിൽക്കെയാണ് ജസ്ന വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നത്. ഇതിനുമുമ്പ്, ശ്രീകൃഷ്ണൻ്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ജസ്ന ക്ഷേത്രത്തിനു മുന്നിൽ കേക്ക് മുറിച്ചതും, കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും വലിയ വിവാദമായിരുന്നു. തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് അന്വേഷണം ആരംഭിച്ചു.