04/04/2026
[fontresizer_tawhidurrahmandear_widget]

ബ്രിട്ടനിലും തരംഗമാകാന്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’; യുകെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ ‘ലാവ’

 ബ്രിട്ടനിലും തരംഗമാകാന്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’; യുകെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍  ‘ലാവ’

ലണ്ടന്‍: ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണൽ യുകെ വിപണിയിലേക്ക്. അടുത്ത വര്‍ഷം ആദ്യത്തിലാണ് ലാവ ഫോണുകള്‍ ബ്രിട്ടനില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച അഗ്‌നി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ആഗോളതലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 70-80% വാര്‍ഷിക വളര്‍ച്ച കൈവരിച്ച അഗ്‌നി സീരീസിന്റെ ആഭ്യന്തര വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ഈ നീക്കത്തിന് പിന്നില്‍.

ഇന്ത്യയിൽ നിന്ന് ഇതുവരെ ഒരു ആഗോള ബ്രാൻഡ് ഉയർന്നുവന്നിട്ടില്ലെന്ന് ലാവയുടെ മാനേജിംഗ് ഡയറക്ടർ സുനിൽ റെയ്‌ന പറഞ്ഞു. “വിദേശ വിപണിയിൽ സാന്നിധ്യം നേടുക മാത്രമല്ല, ഓരോ വിഭാഗത്തിലും ലോകത്തിലെ മുൻനിര അഞ്ച് ബ്രാൻഡുകളിൽ ഇടം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.

യുകെ വിപണിയിൽ 30,000 രൂപയിൽ താഴെയുള്ള ഇടത്തരം വിഭാഗത്തിലാണ് ലാവ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “പ്രധാന ഫ്ലാഗ്ഷിപ്പ് മാർക്കറ്റിലേക്ക് കയറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന വിഭാഗത്തിലാണ് ഞങ്ങളുടെ ശ്രദ്ധ,” റെയ്‌ന പറഞ്ഞു. നവംബർ 20-ന് പുറത്തിറങ്ങുന്ന അഗ്നി-4 മോഡൽ, ലാവയുടെ 2025-ലെ പ്രധാന ലോഞ്ചുകളിൽ ഒന്നായിരിക്കും.

കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം, 15,000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ശക്തമായ മുന്നേറ്റം നടത്തുന്ന ലാവ, ഇന്ത്യയിലെ അതിവേഗം വളരുന്ന മൂന്ന് ബ്രാൻഡുകളിൽ ഒന്നാണ്. നിലവിൽ നേപ്പാൾ (25-30% വിപണി വിഹിതം), ബംഗ്ലാദേശ് (ഏകദേശം 10% വിപണി വിഹിതം) എന്നീ അയൽരാജ്യങ്ങളിലും ലാവയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. മുൻപ് മിഡിലീസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിപണികളിൽ പ്രവർത്തിച്ചിരുന്ന കമ്പനി, പിന്നീട് അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ചുരുക്കി ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

അസംബ്ലി, എസ്.എം.ടി ലൈനുകൾ ഉൾപ്പെടെ പ്രതിവർഷം 42 ദശലക്ഷം യൂണിറ്റുകൾ നിർമിക്കാനുള്ള ശേഷി ലാവയ്ക്കുണ്ട്. ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി കമ്പനി ഇസിഎംഎസ് 2.0 പദ്ധതിയിലൂടെ പുതിയ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ നയങ്ങളെ ലാവ സ്വാഗതം ചെയ്യുന്നതായും, എന്നാല്‍ കമ്പനിയുടെ വളര്‍ച്ച സര്‍ക്കാര്‍ പ്രോത്സാഹനങ്ങളില്‍ ആശ്രയിച്ചല്ലെന്നും സുനില്‍ റെയ്‌ന വ്യക്തമാക്കി. മികവുള്ള ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച സേവനത്തിനുമാണ് ഞങ്ങളുടെ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂർണ്ണമായും ഇന്ത്യയിൽ നിന്ന് വളർന്നു വന്ന ഒരു ബ്രാൻഡിന്റെ ആഗോള അരങ്ങേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി ലാവയുടെ യുകെയിലേക്കുള്ള പ്രവേശനം വിലയിരുത്തപ്പെടുന്നു.

Also read: