27/01/2026

ബ്രസീൽ ടീമിൽ നിന്ന് പുറത്തായിട്ട് രണ്ടു വർഷം, നെയ്‌മറിൻ്റെ കാലം കഴിഞ്ഞോ?

 ബ്രസീൽ ടീമിൽ നിന്ന് പുറത്തായിട്ട് രണ്ടു വർഷം, നെയ്‌മറിൻ്റെ കാലം കഴിഞ്ഞോ?

ബ്രസീലിയ: ഈ മാസം 15-നും 18-നും നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് നെയ്മർ വീണ്ടും ഒഴിവാക്കപ്പെട്ടതോടെ, ഒരു കാലത്ത് ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്ന താരത്തിന്റെ ഭാവിയിൽ ഇരുൾ പരക്കുകയാണ്. നെയ്മർ അവസാനമായി ബ്രസീലിനു വേണ്ടി ബൂട്ടണിഞ്ഞിട്ട് രണ്ട് വർഷം പിന്നിട്ടു കഴിഞ്ഞു. പെലെ, റൊണാൾഡീഞ്ഞോ തുടങ്ങിയ ഇതിഹാസങ്ങളുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ടിരുന്ന ഈ കളിക്കാരൻ്റെ യുഗം അവസാനിക്കുകയാണോ? ഇടക്കിടെയുള്ള ക്ലബ്ബ് മാറ്റങ്ങൾക്കൊപ്പം ഫോമിലുണ്ടായ ഇടിവും തുടർച്ചയായ ഫിറ്റ്‌നസ് പ്രശ്നങ്ങളും താരത്തിന്റെ ക്ലബ്ബായ സാന്റോസിന്റെ മോശം പ്രകടനവുമാണ് ഈ ചർച്ചകൾ സജീവമാക്കുന്നത്.

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിലെ പരിക്കുകൾ നിറഞ്ഞ മോശം കാലയളവിന് ശേഷം, തൻ്റെ സ്പാർക്ക് വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് നെയ്മർ 2025 ജനുവരിയിൽ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയത്. എന്നാൽ താരം വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. ഈ സീസൺ സ്ഥിരതയില്ലായ്മയും പരിക്കുകളും നിറഞ്ഞതായിരുന്നു. ബ്രസീൽ സീരി എ-യിൽ 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് നെയ്‌മർ നേടിയത്. ഒരൊറ്റ അസിസ്റ്റ് പോലും താരത്തിന്റെ പേരിൽ ഇല്ല. പല കളികളിലും താരം പകരക്കാരനായാണ് ഇറങ്ങിയത്. സാന്റോസ് തരംതാഴ്ത്തൽ ഭീഷണിയിൽ നിൽക്കുന്നതും നെയ്മറിന് തിരിച്ചടിയാകുന്നുണ്ട്. യൂറോപ്യൻ ഫുട്ബോൾ വിട്ടതിനുശേഷം നെയ്മറിന്റെ കരിയർ താഴോട്ടാണ് പോയതെന്ന വിമർശനങ്ങളെ ഇത് ശരിവെക്കുന്നുണ്ട്.

അസാമാന്യമായ ഡ്രിബ്ലിങ് പാടവം കൊണ്ട് എതിരാളികളെ വട്ടം കറക്കിയിരുന്ന നെയ്മറിന്, ആ ശൈലിയുടെ സ്വാഭാവിക പ്രതിഫലനമായ പരിക്കുകളാണ് തിരിച്ചടിയായത്. 2023 ഒക്ടോബറിൽ അന്താരാഷ്ട്ര മത്സരത്തിനിടെ ഉണ്ടായ എസിഎൽ പരിക്ക് കാരണം ഒരു വർഷത്തോളമാണ് താരത്തിന് നഷ്ടമായത്. ഈ വർഷം മാത്രംതാരത്തിന് മൂന്ന് പ്രധാന മസ്കുലർ പ്രശ്‌നങ്ങളെങ്കിലും നേരിട്ടു. പരിക്കു കാരണം വിട്ടുനിൽക്കുന്നതിനാൽ പ്രധാന കളിക്കാരൻ എന്ന പദവിയും നഷ്ടമായി.

ഫിറ്റ്നസ് ഇല്ലാത്തതാണ് ദേശീയ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണമെന്ന് കോച്ച് കാർലോ ആൻസലോട്ടി വ്യക്തമാക്കുന്നു. ആധുനിക ഫുട്ബോളിൻ്റെ തീവ്രതയും ഡിമാന്റും കണക്കിലെടുക്കുമ്പോൾ, മികച്ച ശാരീരിക ക്ഷമതയുണ്ടെങ്കിലേ നെയ്മറിനെ കളിപ്പിക്കാനാവൂ എന്നാണ് ദേശീയ ടീം കോച്ചിന്റെ നിലപാട്.

മറ്റ് പല കളിക്കാരും കരിയറിന്റെ പീക്കിൽ നിൽക്കുന്ന 33-ാം വയസ്സിൽ, നെയ്മർ ഒരു തിരിച്ചുവരവിനായി പാടുപെടുകയാണ്. അതിവേഗം സമവാക്യങ്ങൾ മാറിമറിയുന്ന ലോക ഫുട്ബോളിൽ, ഒരു കാലത്ത് നമ്മെ ത്രസിപ്പിച്ചിരുന്ന നെയ്മറിനെ ഇനിയും കാണാൻ കഴിയുമോ? അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ വെറ്ററൻ താരങ്ങളായ ക്രിസ്റ്റ്യാനോയും മെസിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഒരു കാലത്ത് അവർക്കൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന നെയ്മറിന് പുറത്തിരുന്ന് കളി കാണേണ്ടി വരുമോ? താരത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.

Also read: