13/06/2026
[fontresizer_tawhidurrahmandear_widget]

‘റെഡ് കാര്‍പറ്റി’ല്‍ സ്വീകരണം; 35.52 ലക്ഷത്തിന്‍റെ സര്‍പ്രൈസ് ചെക്ക്!യുഎസില്‍ മക്‌ഡൊണാൾഡ്‌സിൽ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരനെ ഞെട്ടിച്ച് കമ്പനി

 ‘റെഡ് കാര്‍പറ്റി’ല്‍ സ്വീകരണം; 35.52 ലക്ഷത്തിന്‍റെ സര്‍പ്രൈസ് ചെക്ക്!യുഎസില്‍ മക്‌ഡൊണാൾഡ്‌സിൽ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരനെ ഞെട്ടിച്ച് കമ്പനി

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ, പുകയും ചൂടും തിരക്കുമെല്ലാം സഹിച്ച് നീണ്ട നാല് പതിറ്റാണ്ടുകൾ… ഒരേ സ്ഥാപനത്തിനായി സമർപ്പിച്ച ഒരു ജീവിതം. മസാച്യുസെറ്റ്‌സില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജന്‍ ബൽബീർ സിങ്ങിനെ കുറിച്ചാണു പറഞ്ഞുവരുന്നത്. മക്‌ഡൊണാൾഡ്‌സുമായുള്ള 40 വർഷത്തെ ബന്ധം പൂർത്തിയാക്കിയ ദിവസം, സ്ഥാപനം അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു; ലക്ഷങ്ങളുടെ ചെക്കും റെഡ് കാര്‍പറ്റ് സ്വീകരണവുമൊരുക്കി.

അമേരിക്കൻ മണ്ണിലേക്ക് കുടിയേറിയതിനു തൊട്ടുപിന്നാലെയാണ് ബൽബീർ മസാച്യുസെറ്റ്‌സിലെ സൗഗസിലുള്ള മക്‌ഡൊണാൾഡ്‌സ് ശാഖയിൽ ജോലിക്ക് പ്രവേശിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ, ഉപഭോക്താക്കളെ നിറഞ്ഞ പുഞ്ചിരിയുമായി സ്വീകരിച്ചു. മികച്ച ആതിഥ്യമൊരുക്കി.

നാല് പതിറ്റാണ്ടുകൾ നീണ്ട ഈ അസാധാരണമായ പ്രവർത്തനമികവിനെ, സഹപ്രവർത്തകരും ഫ്രാഞ്ചൈസി ഉടമകളും ചേർന്നാണ് ഗംഭീരമായ ചടങ്ങിലൂടെ ആഘോഷിച്ചത്. വെറുമൊരു ജീവനക്കാരനല്ല, സ്ഥാപനത്തിന്റെ തന്നെ ഭാഗമായി മാറിയ ഒരു വ്യക്തിയെയാണ് അവർ ആദരിച്ചത്.

ആഘോഷത്തിന്റെ ഭാഗമായി, സിങ്ങിന് 40,000 ഡോളറിന്റെ (ഏകദേശം 35.52 ലക്ഷം രൂപ) വലിയൊരു ചെക്ക് സമ്മാനമായി ലഭിച്ചു. കൂടാതെ, മക്‌ഡൊണാൾഡ്‌സിൽ ദീർഘകാലം ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ‘വൺ ഇൻ എയിറ്റ്’ എന്ന പ്രത്യേക സ്മാരക ജാക്കറ്റും മറ്റ് അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി.

“അദ്ദേഹം കിടിലനൊരു മനുഷ്യനാണ്. ജോലിയോട് കാണിക്കുന്ന പ്രതിബദ്ധതയും സഹപ്രവർത്തകരോടുള്ള കരുതലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്,” റെസ്റ്റോറന്റ് ഉടമയായ വാലിൻ സിങ്ങിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.

താൻ നാല് പതിറ്റാണ്ടായി കമ്പനിയിൽ തുടരാനുള്ള കാരണമായി ബൽബീർ സിങ് ചൂണ്ടിക്കാട്ടുന്നതും ഈ വൈകാരിക ബന്ധമാണ്. “ഇതൊരു കുടുംബമാണ്,” അദ്ദേഹം പറഞ്ഞു. വെറുമൊരു ജോലി എന്നതിലുപരി, സ്‌നേഹബന്ധങ്ങളുടെ വേരുകൾ സ്ഥാപനവുമായി എത്രത്തോളം ആഴത്തിൽ പടർന്നു കിടക്കുന്നു എന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു.

Also read: