28/03/2026
[fontresizer_tawhidurrahmandear_widget]

ചാറ്റ്ജിപിടി മാതൃകമ്പനി ഓപൺഎഐയിൽ വൻ ഹാക്കിങ്; യൂസർമാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ഉപയോക്താക്കളോട് ജാഗ്രത പാലിക്കാൻ കമ്പനി

 ചാറ്റ്ജിപിടി മാതൃകമ്പനി ഓപൺഎഐയിൽ വൻ ഹാക്കിങ്; യൂസർമാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ഉപയോക്താക്കളോട് ജാഗ്രത പാലിക്കാൻ കമ്പനി

സാൻഫ്രാൻസിസ്‌കോ: ചാറ്റ്ജിപിടി മാതൃകമ്പനി ഓപണ്‍എഐയില്‍ വന്‍ വിവര ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഓപണ്‍എഐ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ അനലിറ്റിക്‌സ് പങ്കാളിയായ മിക്‌സ്പാനലിൽ (Mixpanel) ഉണ്ടായ സുരക്ഷാ ലംഘനം കാരണം ചില എപിഐ ഉൽപ്പന്ന ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്തുപോയതായി കമ്പനി അറിയിച്ചു.

സംഭവം തങ്ങളുടെ പ്രധാന സിസ്റ്റങ്ങളെയോ ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിലെ ഉപയോക്താക്കളെയോ ബാധിച്ചിട്ടില്ലെന്നാണ് ഓപണ്‍എഐ അവകാശപ്പെടുന്നത്. ഡാറ്റാ ചോർച്ച സംഭവിച്ചത് മിക്‌സ്പാനലിന്റെ പ്ലാറ്റ്‌ഫോമിലാണെന്നും കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

ഈ മാസം ആദ്യത്തില്‍ ഒരു ഹാക്കര്‍ മിക്‌സ്പാനലിന്റെ സിസ്റ്റങ്ങളിൽ അതിക്രമിച്ചു കടന്ന് ഡാറ്റാസെറ്റ് കൈവശപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. എപിഐ അക്കൗണ്ടുകളുമായി മാത്രം ബന്ധപ്പെട്ടതും സെൻസിറ്റീവ് അല്ലാത്തതുമായ ഉപയോക്തൃ പ്രൊഫൈൽ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഇതിൽ അക്കൗണ്ട് ഉടമയുടെ പേര്, ഇമെയിൽ വിലാസം, ഏകദേശ സ്ഥലം, ഉപയോഗിച്ച ഓപ്പറേറ്റിങ് സിസ്റ്റം, വെബ്‌സൈറ്റ് റഫറലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടാം.

ചാറ്റ് ലോഗുകൾ, പാസ്‌വേഡുകൾ, എപിഐ കീകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയ അതീവ രഹസ്യമുള്ള ഡാറ്റകളൊന്നും ചോർന്നിട്ടില്ലെന്ന് ഓപണ്‍എഐ ഉറപ്പിച്ചു പറയുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മിക്‌സ്പാനലുമായുള്ള ബന്ധം അവസാനിപ്പിച്ചതായും, ഡാറ്റാ ചോർച്ച ബാധിച്ച ഉപയോക്താക്കൾക്ക് നേരിട്ട് അറിയിപ്പ് നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ചോർന്ന വിവരങ്ങൾ ഫിഷിങ് ശ്രമങ്ങൾക്കായി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഓപണ്‍എഐ മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ അപ്രതീക്ഷിത ഇമെയിലുകളോടും സന്ദേശങ്ങളോടും ജാഗ്രത പാലിക്കണമെന്നും, പാസ്‌വേഡുകളോ എപിഐ കീകൾ പോലുള്ള വിവരങ്ങളോ തങ്ങള്‍ ഒരിക്കലും ഇമെയിൽ വഴി ആവശ്യപ്പെടില്ലെന്നും ഓർമ്മിപ്പിക്കുന്നുണ്ട്. കൂടാതെ, അക്കൗണ്ടുകൾക്ക് മൾട്ടിഫാക്ടർ ഓതന്റിക്കേഷൻ (MFA) നിർബന്ധമായും നടപ്പിലാക്കാനും നിർദേശമുണ്ട്.

Also read: