എഡിറ്റിങ് ഇനി പുഷ്പം പോലെ എളുപ്പം!; കിടിലന്‍ എഐ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്
ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി എഐ സങ്കേതങ്ങള്‍ സംയോജിപ്പിച്ച് കിടിലന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ്. ജനപ്രിയ ജനറേറ്റീവ് എഐ മോഡലായ നാനോ ബനാനയുടെ (Nano Banana) ഇന്റഗ്രേഷന്‍ ഉള്‍പ്പെടെ ആറ് പുതിയ എഐ ഫീച്ചറുകളാണ് ഗൂഗിള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും.
സങ്കീര്‍ണമായ മെനുകളും നാവിഗേഷനും ഒഴിവാക്കി ഉപയോക്താക്കളുടെ സ്വാഭാവിക ഭാഷാ കമാന്‍ഡുകള്‍ (Natural Language Commands) ഉപയോഗിച്ച് ഫോട്ടോ എഡിറ്റിങ്ങും തിരയലും ലളിതമാക്കുന്നതിനാണ് ഈ അപ്ഡേറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
‘എഡിറ്റ് ചെയ്യാന്‍ സഹായിക്കൂ’ എന്ന് ടാപ്പ് ചെയ്ത ശേഷം, ലൈറ്റിങ് മാറ്റുന്നത് മുതല്‍ പശ്ചാത്തലം പുനഃസൃഷ്ടിക്കുന്നത് വരെ, ആവശ്യമായ മാറ്റങ്ങള്‍ വാക്കുകളിലൂടെ വിവരിച്ച് നല്‍കാന്‍ നാനോ ബനാനയുടെ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സാധിക്കും.
‘ക്രിയേറ്റ് വിത്ത് എഐ’ എന്ന പുതിയ വിഭാഗം, ചിത്രങ്ങളെ പ്രൊഫഷണല്‍ ഹെഡ്ഷോട്ട്, ഹൈഫാഷന്‍ ഫോട്ടോഷൂട്ട് തുടങ്ങിയ ശൈലികളിലേക്ക് ഒറ്റയടിക്ക് മാറ്റാന്‍ സഹായിക്കുന്ന ഹൈകണ്‍സെപ്റ്റ് ടെംപ്ലേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
ചെറിയതും എന്നാല്‍ നിര്‍ണ്ണായകവുമായ ഫോട്ടോഗ്രാഫിക് പിഴവുകള്‍ തിരുത്താനും എഐയ്ക്ക് സാധിക്കും.
അടഞ്ഞ കണ്ണുകളും അപ്രതീക്ഷിത ഭാവവ്യത്യാസങ്ങളും പോലുള്ള സാധാരണ പിഴവുകള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.
നമുക്ക് വേണ്ട ചിത്രങ്ങള്‍ ഫോട്ടോ ലൈബ്രറിയില്‍ തപ്പിക്കണ്ടെത്തുക എന്ന വെല്ലുവിളി പരിഹരിക്കുന്നതിനായി ‘ആസ്‌ക് ഫോട്ടോസ്’ (Ask Photos) എന്ന സെര്‍ച്ചിങ് ഫീച്ചറും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. സന്ദര്‍ഭമനുസരിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ച് ഫോട്ടോഷുകള്‍ കണ്ടെത്താം. ഉദാഹരണത്തിന്, ‘2022 മുതല്‍ ക്രിസ്മസ് തൊപ്പി ധരിച്ച എന്റെ പൂച്ചയുടെ എല്ലാ ചിത്രങ്ങളും എന്നെ കാണിക്കൂ’ എന്നതുപോലുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍, ഗൂഗിള്‍ ഫോട്ടോസ് അതു തപ്പി കൊണ്ടുതരും.
പുതിയ ഫീച്ചറുകള്‍ നൂറിലധികം രാജ്യങ്ങളിലും 17 പുതിയ ഭാഷകളിലും ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണു വിവരം. ചാറ്റിങ് ഇന്റെറാക്ഷന്‍ ഇടപെടലുകള്‍ സുഗമമാക്കാന്‍ പ്രത്യേകമായി ‘ask’ ബട്ടണും ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ, യുഎസിലെ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് അല്ലെങ്കില്‍ വോയ്സ് പ്രോംപ്റ്റുകള്‍ വഴി എഡിറ്റുകള്‍ വിവരിച്ചു നല്‍കാനുള്ള സൗകര്യവും ലഭിക്കും.