03/04/2026
[fontresizer_tawhidurrahmandear_widget]

പറങ്കി ചരിതം; അണ്ടർ 17 പോർച്ചുഗലിന് ലോകകപ്പ്‌

 പറങ്കി ചരിതം; അണ്ടർ 17 പോർച്ചുഗലിന് ലോകകപ്പ്‌

ദോഹ: വാശിയേറിയ കലാശപ്പോരിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ചാമ്പ്യന്മാരായി. ബെൻഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാൾ 32-ാം മിനിറ്റിൽ നേടിയ ഗോളാണ് പോർച്ചുഗലിന് കളിയുടെ കഥയെഴുതിയത്. ഇതാദ്യമായാണ് പോർച്ചുഗൽ അണ്ടർ 17 കിരീടം നേടുന്നത്.

പരിശീലകൻ ബിനോ മാസേസിന്റെ കീഴിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടം ഉൾപ്പെടെ കഴിഞ്ഞ ആറുമാസമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവനിര അർഹിച്ച നേട്ടമായിരുന്നു ദോഹയിലേത്. മിന്നും പ്രകടനവുമായി മനം കവർന്ന ഓസ്ട്രിയക്ക് രണ്ടാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നപ്പോൾ, ബ്രസീലിനെ ഷൂട്ടൗട്ടിൽ മറികടന്ന് ഇറ്റലി മൂന്നാം സ്ഥാനക്കാരായി.

പുതുതായി 48 രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ച ലോകകപ്പിന്റെ ആദ്യ എഡിഷൻ ആയിരുന്നു ഖത്തറിൽ അരങ്ങേറിയത്. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ആദ്യമായാണ് എത്തുന്നത്. സെമിഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയെത്തിയ പോർച്ചുഗൽ, കൃത്യതയാർന്ന പാസിങ്ങുകളിലൂടെ കളി നിയന്ത്രിച്ചു. 32-ാം മിനിറ്റിൽ, വിങ്ങർ ദുവാർട്ടെ കുൻഹ നൽകിയ പാസ് സ്വീകരിച്ച കബ്രാൾ ഓഫ്‌സൈഡ് കെണി മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇംഗ്ലണ്ട്, ജപ്പാൻ, ഇറ്റലി തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ച് ഫൈനലിലെത്തിയ ഓസ്ട്രിയ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പോർച്ചുഗലിന്റെ പ്രതിരോധം ശക്തമായിരുന്നു. മത്സരത്തിലുടനീളം ഓസ്ട്രിയൻ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച പോർച്ചുഗലിന്റെ മാറ്റിയസ് മൈഡ് ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം നേടി.

“ഇത് സ്വപ്ന സാക്ഷാത്കാരമാണ്. പോർച്ചുഗൽ ഫുട്ബോളിന്റെ യൂത്ത് സിസ്റ്റത്തിലും ടീം വർക്കിലുമുള്ള വിശ്വാസത്തിനുള്ള അംഗീകാരമാണിത്” – പരിശീലകൻ മാസേസ് പറഞ്ഞു. 1991-ൽ സ്വന്തം മണ്ണിൽ നേടിയ ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിന് ശേഷം പോർച്ചുഗൽ നേടുന്ന ആദ്യ ഫിഫ കിരീടമാണിത്.

നേരത്തെ, ഗോൾരഹിതമായ സമനിലക്ക് ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ 4-2നാണ് ഇറ്റലി പരാജയപ്പെടുത്തിയത്.

Also read: