31/03/2026
[fontresizer_tawhidurrahmandear_widget]

ഇനി പ്രവാസികള്‍ക്കും ഖത്തര്‍-ബഹ്റൈന്‍ ഫെറിയില്‍ യാത്ര ചെയ്യാം

 ഇനി പ്രവാസികള്‍ക്കും ഖത്തര്‍-ബഹ്റൈന്‍ ഫെറിയില്‍ യാത്ര ചെയ്യാം

ദോഹ: ഖത്തര്‍-ബഹ്‌റൈന്‍ ഫെറി സര്‍വീസ് ഇപ്പോള്‍ ജിസിസി പൗരന്മാര്‍ക്ക് മാത്രമല്ല, ജിസിസി ഇതര രാജ്യങ്ങളിലെ യാത്രക്കാര്‍ക്കും ലഭ്യമായിരിക്കുകയാണ്. 2025 നവംബര്‍ 6 ന് ആരംഭിച്ച ഈ സേവനം, മസാര്‍ ആപ്പിലെ പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം, യാത്രാ യോഗ്യത വികസിപ്പിച്ച് കൂടുതല്‍ യാത്രക്കാര്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

വടക്കന്‍ ഖത്തറിലെ അല്‍റുവൈസ് തുറമുഖത്ത് നിന്നു ബഹ്‌റൈനിലെ സാദ് മറീനയിലേക്കുള്ള ഈ ഫെറി ഏകദേശം 65 കിലോമീറ്റര്‍ ദൂരം 70 മുതല്‍ 80 മിനിറ്റ് വരെ സമയം എടുത്ത് സഞ്ചരിക്കുന്നു. മസാര്‍ ആപ്പ് വഴി ബുക്കിംഗ് നടത്താം, 28 മുതല്‍ 32 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡേര്‍ഡ്, വിഐപി കപ്പലുകളില്‍ നിന്ന് ഏത് വേണമെന്ന് യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം.

സേവനം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ രണ്ട് റൗണ്ട് ട്രിപ്പുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് നവംബര്‍ 22 വരെ പ്രതിദിനം മൂന്ന് ട്രിപ്പുകളാക്കി വര്‍ധിപ്പിച്ചു. ആവശ്യാനുസരണം കൂടുതല്‍ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ടിക്കറ്റുകള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ മസാര്‍ ആപ്പ് വഴി നേരിട്ട് വാങ്ങാം.

ഈ ഫെറി സര്‍വീസ് യാത്രാസൗകര്യത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പായി വിലയിരുത്തപ്പെടുന്നു. കൂടുതല്‍ സംയോജിതവും സുസ്ഥിരവുമായ ഗതാഗത ശൃംഖലകള്‍ സൃഷ്ടിക്കാനുള്ള ജിസിസിയുടെ ലക്ഷ്യമായി കാണാം.

Also read: