27/01/2026

സായി ബാബയുടെ അനുഗ്രഹം കൊണ്ടാണ് 2011 ലോകകപ്പ് വിജയിക്കാനായത് ; സച്ചിൻ ടെണ്ടുൽക്കർ

 സായി ബാബയുടെ അനുഗ്രഹം കൊണ്ടാണ് 2011 ലോകകപ്പ് വിജയിക്കാനായത് ; സച്ചിൻ ടെണ്ടുൽക്കർ

അമരാവതി: 2011ലെ ഐസിസി ഏകദിന ലോകകപ്പ് വിജയം സത്യ സായിബാബയുടെ അനുഗ്രഹത്താല്‍ സാധ്യമായതാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുട്ടപര്‍ത്തിയില്‍ സായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

”നിരവധി ലോകകപ്പുകള്‍ കളിച്ച ശേഷം 2011-ലെ ലോകകപ്പ് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ബെംഗളൂരുവിലെ പരിശീലന ക്യാമ്പിനിടെ, ശ്രീ സത്യ സായി ബാബ എനിക്കുവേണ്ടി ഒരു പുസ്തകം സമ്മാനമായി അയച്ചതായി ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഇത് എന്റെ മുഖത്ത് സന്തോഷം കൊണ്ടുവരികയും എന്നില്‍ ഒരു പ്രത്യേക ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്തു. ഈ ലോകകപ്പ് ഞങ്ങള്‍ക്ക് സവിശേഷമാകാന്‍ പോകുകയാണെന്ന് എനിക്ക് തോന്നി. ഈ പുസ്തകം ലഭിച്ചതോടെ തനിക്ക് വലിയ ആവേശവും ആത്മധൈര്യവുമാണ് ലഭിച്ചത്.”-സച്ചിന്‍ പറഞ്ഞു.

മുംബൈയില്‍ ശ്രീലങ്കയ്ക്കെതിരെ ഫൈനല്‍ വിജയിച്ച നിമിഷം തന്റെ കരിയറിലെ സുവര്‍ണ നിമിഷമായിരുന്നുവെന്നും സച്ചിന്‍ ഓര്‍ത്തെടുത്തു. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഒന്നിച്ചുനിന്ന് ആഹ്‌ളാദിച്ച ഒരു രംഗം തന്റെ കരിയറില്‍ അതിനുമുമ്പ് കണ്ടിട്ടില്ല. നമ്മുടെ അഭ്യുദയകാംക്ഷികളുടെയും ഗുരുക്കളുടെയും, പ്രത്യേകിച്ച് സായിബാബയുടെയും അനുഗ്രഹത്താല്‍ മാത്രമാണ് ഇത് സാധ്യമായത്,’-സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നടന്ന ശ്രീ സത്യ സായി ബാബയുടെ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, നടി ഐശ്വര്യ റായ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Also read: