ആക്രി വിറ്റ് കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് ഉണ്ടാക്കിയത് 4,088 കോടി!
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പ്രത്യേക ശുചിത്വ കാമ്പയിനുകളുടെ ഭാഗമായി ആക്രി സാധനങ്ങള്‍ വിറ്റ് കേന്ദ്ര സര്‍ക്കാര്‍ നേടിയത് ശതകോടികള്‍ പാഴ്വസ്തുക്കള്‍ നീക്കം ചെയ്തതിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാരിന് 4,088 കോടി രൂപയിലധികം വരുമാനം ലഭിച്ചതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള്‍ വിറ്റഴിച്ചതിലൂടെയാണ് ഈ വലിയ തുക ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന സ്വച്ഛത കാമ്പയിന്‍ 4.0 അവസാനിച്ചപ്പോള്‍ ഏകദേശം 3,300 കോടി രൂപ ലഭിച്ചിരുന്നു. 2025 ഒക്ടോബര്‍ രണ്ടു മുതല്‍ 31 വരെ നടന്ന പ്രത്യേക കാമ്പയിന്‍ 5.0 വഴി 788.53 കോടി രൂപ കൂടി സമാഹരിച്ചതോടെയാണ് ആകെ വരുമാനം 4088.53 കോടി രൂപ എന്ന റെക്കോര്‍ഡ് തുകയിലെത്തിയത്.
ലഭിച്ച തുകയുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ഈ തുക ഒരു പ്രധാന ബഹിരാകാശ ദൗത്യത്തിന്റെയോ ഒന്നിലധികം ചന്ദ്രയാന്‍ ദൗത്യങ്ങളുടെയോ ബജറ്റിന് തുല്യമാണെന്ന് ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ശുചിത്വ യജ്ഞം ജനകീയ മുന്നേറ്റമായി വളര്‍ന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ശുചിത്വ കാമ്പയിനുകളുടെ പ്രധാന നേട്ടങ്ങള്‍ വരുമാനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഉപയോഗശൂന്യമായ ഓഫീസ് ഫയലുകള്‍, തകര്‍ന്ന ഫര്‍ണിച്ചറുകള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്തതിലൂടെ 231.75 ലക്ഷം ചതുരശ്ര അടി സ്ഥലം ക്രിയാത്മകമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിച്ചു. ഓഫീസുകളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്‌കരിച്ച് വരുമാനമുണ്ടാക്കാനും, ‘മാലിന്യത്തില്‍ നിന്ന് സമ്പത്ത്’ എന്ന ആശയം പ്രാവര്‍ത്തികമാക്കാനും ഈ കാമ്പയിനുകള്‍ സഹായകമായിട്ടുണ്ട്.