28/03/2026
[fontresizer_tawhidurrahmandear_widget]

‘രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകള്‍; വനിതാ സംവരണം ഉടന്‍ നടപ്പാക്കണം’ :കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

 ‘രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകള്‍; വനിതാ സംവരണം ഉടന്‍ നടപ്പാക്കണം’ :കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളില്‍ ഉടന്‍ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരീ ശക്തി വന്ദന്‍ നിയമം 2023′(വനിതാ സംവരണ നിയമം) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി കേന്ദ്രത്തിന്‍രെ അഭിപ്രായം തേടിയത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഏകദേശം 48 ശതമാനത്തോളം വരും സ്ത്രീ ജനസംഖ്യ. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം രാഷ്ട്രീയ സമത്വം ഉറപ്പാക്കുന്നുണ്ടെന്നും, അതിനാല്‍ വനിതാ സംവരണം നടപ്പാക്കണമെന്ന്ും കോടതി ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് നേതാവായ ജയ താക്കൂര്‍ ആണ് അഡ്വ. വരുണ്‍ താക്കൂര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. പുതിയ അതിര്‍ത്തി നിര്‍ണയ പ്രക്രിയക്കായി കാത്തുനില്‍ക്കാതെ നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് പ്രാതിനിധ്യത്തിനായി കോടതിയെ സമീപിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത സൂചിപ്പിച്ചു. ലോക്‌സഭയിലെയും നിയമസഭകളിലെയും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് സംവരണം ചെയ്യുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നിയമം നടപ്പാക്കുന്നത് എക്സിക്യൂട്ടീവിന്റെ പ്രത്യേകാവകാശമാണെന്നും ഇത്തരം കാര്യങ്ങളില്‍ കോടതിക്ക് ഉത്തരവിറക്കാന്‍ പരിമിതികളുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

Also read: