200 വര്‍ഷം ഇന്ത്യ അടക്കിഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി കൈയിലാക്കിയ ഇന്ത്യക്കാരന്‍; സഞ്ജീവ് മേത്തയുടെ ‘മധുരപ്രതികാരം’
സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് വിളിപ്പേരുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഏകദേശം രണ്ട് നൂറ്റാണ്ടോളം പൊരുതി നിലകൊണ്ടവരാണ് നമ്മള്‍. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വേരുകള്‍ ഉറപ്പിക്കാനായി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത് ചരിത്രത്തിലെ മറ്റൊരധ്യായമാണ്. ഒരോ ചരിത്രാന്വേഷികള്‍ക്ക് മുന്നിലുമെത്തുന്ന ഒരു ചോദ്യമുണ്ട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എന്ത് സംഭവിച്ചു? ഒരുകാലത്ത് ലോകം കീഴടക്കിയ രാജ്യത്തിന്റെ കമ്പനിയുടെ ഇപ്പോഴത്തെ ഉടമ ആരാണ്? ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിലേക്കെത്തും മുന്‍പ് ചരിത്രത്തിലേക്കൊന്ന് പോയിവരാം…
ബ്രിട്ടീഷ് കിരീടാവകാശികളില്‍ നിന്നുള്ള പ്രത്യേക ചാര്‍ട്ടറിന് കീഴിലെ വ്യാപാര കമ്പനിയായി എ.ഡി 1600 ഡിസംബര്‍ 31 നാണ് ഇംഗ്ലണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയിലും കിഴക്കന്‍ ഏഷ്യയിലും സാമ്രാജ്യത്തിന്റെ ആധിപത്യം സ്ഥാപിക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അസാധാരണമായ അധികാരങ്ങളും പ്രത്യേകാവകാശങ്ങളും നല്‍കിയിരുന്നു. തുടക്കത്തില്‍, കമ്പനി ഇന്ത്യന്‍ ഭരണാധികാരികളുമായി വ്യാപാര ബന്ധം സ്ഥാപിച്ചു, പക്ഷേ ക്രമേണ അതിന്റെ വളര്‍ന്നുവരുന്ന സൈനിക, രാഷ്ട്രീയ സ്വാധീനം പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു.
1947 ഓഗസ്റ്റ് 15ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അവകാശങ്ങള്‍ നല്‍കിയിരുന്ന പ്രത്യേക ചാര്‍ട്ടര്‍ 1874ല്‍ ബ്രിട്ടീഷുകാര്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. എന്നാല്‍ ഇപ്പോഴുള്ള ചോദ്യം മറ്റൊന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്നത്തെ ഉടമസ്ഥര്‍ ആരാണ് എന്നത് ഏതൊരു ഇന്ത്യക്കാരനും അറിയാന്‍ ആഗ്രഹം കാണും.
200 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഇപ്പോള്‍ ഒരു ഇന്ത്യന്‍ ബിസിനസ് ഭീമന്റെ ഉടമസ്ഥതയിലാണ്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബിസിനസ് ഭീമനായ സഞ്ജീവ് മേത്തയാണ് ആ മധുര പ്രതികാരത്തിനുടമ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയും സിഇഒയുമാണ് മേത്ത.
ആഡംബര വസ്തുക്കളുടെ വിപണന മേഖലയിലാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രദ്ധ. ഗിഫ്റ്റ് ഹാംപറുകള്‍, ആഡംബര ചായ, കാപ്പി, മറ്റ് ഭക്ഷ്യവസ്തുക്കള്‍, വിവിധതരം പാനീയങ്ങള്‍, ആഡംബര വീട്ടുപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കമ്പനിയാണിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി.
2003 നും 2005 നും ഇടയിലാണ് മേത്ത കമ്പനി ഏറ്റെടുക്കുകയും ബ്രാന്‍ഡിനെ പുനസ്ഥാപിപ്പിക്കാനും ആരംഭിച്ചത്. കൊളോണിയല്‍ വ്യാപാരത്തില്‍ കമ്പനി നല്‍കിയിരുന്ന ചരിത്രപരമായ ശ്രദ്ധയില്‍ നിന്ന് അദ്ദേഹം ലണ്ടന്‍ ആസ്ഥാനമായുള്ള ആഡംബര ഉല്‍പ്പന്ന ബ്രാന്‍ഡിലേക്ക് കമ്പനിയെ പറിച്ചുനട്ടു. അതേസമയം, ബ്രാന്‍ഡിന്റെ ചരിത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥകളില്‍ നിന്ന് ബിസിനസ്സ് കെട്ടിപ്പടുക്കുക എന്നതില്‍ നിന്ന് മാറി മേത്ത സ്വപ്ന സാക്ഷാത്കാരമായും തിരിച്ചെടുക്കലിന്റെ ത്രില്ലായുമാണ് വിശേഷിപ്പിച്ചത്.