തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളി: കൈകളും കാലുകളും നഷ്ടപ്പെട്ടിട്ടും സിവില്‍ സര്‍വീസ് നേടിയ ‘സൂപ്പര്‍ ഹീറോ’ സൂരജ് തിവാരി
ലഖ്നൗ: ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളില്‍ വീണുപോകാതെ, ലക്ഷ്യത്തിലേക്ക് ഇച്ഛാശക്തിയോടെ മുന്നേറിയ ഒരു യുവാവിന്റെ അവിശ്വസനീയമായ വിജയഗാഥയാണിത്. ഒരു ട്രെയിന്‍ അപകടത്തില്‍ ഒരു കൈയും രണ്ട് കാലുകളും നഷ്ടപ്പെട്ട ശേഷം, സാമ്പത്തിക ബുദ്ധിമുട്ടുകളെയും പ്രിയപ്പെട്ടവരുടെ വേര്‍പാടിനെയും അതിജീവിച്ച്, ഉത്തര്‍പ്രദേശുകാരനായ സൂരജ് തിവാരി രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയായ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയാണ് ക്ലിയര്‍ ചെയ്തത്.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഘര്‍ണാസ്പൂര്‍ സ്വദേശിയായ സൂരജ് തിവാരിയുടെ ജീവിതത്തില്‍ ദുരന്തം നിഴല്‍ വീശിയത് ഗാസിയാബാദിലെ ദാദ്രിയില്‍ വെച്ചുണ്ടായ ട്രെയിന്‍ അപകടത്തിലാണ്. ഈ അപകടത്തില്‍ അദ്ദേഹത്തിന് ഒരു കൈയും (ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രം ശേഷിച്ചു) രണ്ട് കാലുകളും നഷ്ടപ്പെട്ടു. മാസങ്ങള്‍ ആശുപത്രിയിലും പിന്നീട് മൂന്നു മാസത്തോളം വീട്ടില്‍ കിടപ്പിലുമായിരുന്നു. തയ്യല്‍ക്കാരനായ പിതാവിന്റെ വരുമാനം മാത്രമുള്ള ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ ദുരിതം വലിയ ആഘാതമായി.
ഇതിനെല്ലാം പുറമെ, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ സഹോദരനെയും സൂരജിന് നഷ്ടപ്പെട്ടു. കഠിനമായ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും, പരാജയത്തിന് മനസ്സില്ലാത്ത ഈ പോരാളി തന്റെ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
അപകടത്തെത്തുടര്‍ന്ന് ശേഷിച്ച ഇടതുകൈയിലെ മൂന്ന് വിരലുകളാല്‍ തിവാരി തന്റെ സ്വപ്നം നെഞ്ചോടു ചേര്‍ത്തു. ജെ.എന്‍.യുവില്‍ (ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല) നിന്ന് ബി.എ ബിരുദം നേടിയ ശേഷം, പരിശീനക്കളിലോ ക്ലാസുകളിലോ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തം നിലയില്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് സൂരജ് പഠിച്ചത്.
വീല്‍ചെയറില്‍ പരീക്ഷാ ഹാളിലെത്തിയ സൂരജിന്റെ ഈ ആത്മാര്‍ത്ഥതയും അചഞ്ചലമായ മനോബലവുമാണ് അദ്ദേഹത്തിന് വിജയത്തിന്റെ വാതില്‍ തുറന്നത്.
സൂരജിന്റെ ഈ മഹത്തായ നേട്ടം മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം പിടിച്ചുപറ്റി. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ മറികടന്ന് സ്വപ്നങ്ങള്‍ പിന്തുടരാമെന്ന് ദശലക്ഷക്കണക്കിന് യുവതലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കുന്ന ഒരു പാഠപുസ്തകമാണ് സൂരജ് തിവാരിയുടെ ഈ തോല്‍ക്കാന്‍ മനസ്സില്ലാത്ത വിജയയാത്ര.