10/06/2026
[fontresizer_tawhidurrahmandear_widget]

ജർമൻ സൈന്യത്തിന്റെ 20,000 ഉണ്ട കൊള്ളയടിച്ച് ക്രിമിനൽ സംഘം; വെടിയുണ്ടകൾ കൊണ്ടുപോയ ട്രക്ക് ആക്രമിച്ച് വൻ കവർച്ച

 ജർമൻ സൈന്യത്തിന്റെ 20,000 ഉണ്ട കൊള്ളയടിച്ച് ക്രിമിനൽ സംഘം; വെടിയുണ്ടകൾ കൊണ്ടുപോയ ട്രക്ക് ആക്രമിച്ച് വൻ കവർച്ച

ബർഗ് (സാക്‌സണി-അൻഹാൾട്ട്): ജർമ്മൻ സൈന്യമായ ബുണ്ടസ്വെഹർ ബാരക്കിലേക്ക് കൊണ്ടുപോകുകയായിരുന്ന ഡെലിവറി ട്രക്കിൽ നിന്ന് ആയിരക്കണക്കിന് വെടിയുണ്ടകൾ മോഷണം പോയി. സാക്‌സണി-അൻഹാൾട്ടിലെ ബർഗ് പട്ടണത്തിലാണ് സംഭവം.

കഴിഞ്ഞ മാസം 25ന് രാത്രിയാണ് മോഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം ജർമ്മൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സിവിലിയൻ ഡെലിവറി ട്രക്കിലാണ് വെടിമരുന്ന് കൊണ്ടുപോയിരുന്നത്. രാത്രിയിൽ ഡ്രൈവർ ബർഗിലെ ഹോട്ടലിൽ തങ്ങാൻ സുരക്ഷിതമല്ലാത്ത പാർക്കിങ് സ്ഥലത്ത് ട്രക്ക് നിർത്തിയപ്പോഴാണ് അജ്ഞാതരായ അക്രമികൾ വെടിയുണ്ടകൾ മോഷ്ടിച്ചത്.

പിറ്റേന്ന് രാവിലെ ബാരക്കുകളിൽ എത്തിയപ്പോഴാണ് ഏകദേശം 20,000 വെടിയുണ്ടകൾ (പിസ്റ്റളുകൾക്കുള്ള 10,000 ലൈവ് വെടിയുണ്ടകളും അസോൾട്ട് റൈഫിളുകൾക്കുള്ള 9,900 പരിശീലന വെടിയുണ്ടകളും) നഷ്ടപ്പെട്ടതായി വ്യക്തമായത്.

‘മോഷണത്തെ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരത്തിലുള്ള വെടിമരുന്ന് തെറ്റായ കൈകളിൽ എത്തരുത്,’ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്യാതെ വഹനം നിർത്തിയ ഡ്രൈവറുടെ നടപടി സുരക്ഷാ കരാറിന്റെ ലംഘനമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

ഇതൊരു സാധാരണ കവർച്ചയാകാൻ സാധ്യതയില്ലെന്നും, ട്രക്ക് നിരീക്ഷണത്തിലായിരുന്നപ്പോൾ ഡ്രൈവർ അവസരം നൽകുകയായിരുന്നുവെന്നുമാണ് ബുണ്ടസ്വെഹർ വൃത്തങ്ങൾ പറയുന്നത്. മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ബുണ്ടസ്വെഹറും പ്രാദേശിക പോലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: