01/04/2026
[fontresizer_tawhidurrahmandear_widget]

‘യുപിയിലെ വോട്ടർ പട്ടികയിൽ നിന്ന് 4 കോടി പേർ പുറത്ത്; ഭൂരിഭാഗവും BJP വോട്ടർമാർ’ -യോഗി ആദിത്യനാഥ്

 ‘യുപിയിലെ വോട്ടർ പട്ടികയിൽ നിന്ന് 4 കോടി പേർ പുറത്ത്; ഭൂരിഭാഗവും BJP വോട്ടർമാർ’ -യോഗി ആദിത്യനാഥ്

പട്ന: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് നാല് കോടിയോളം വോട്ടർമാർ അപ്രത്യക്ഷമായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബിജെപി അനുകൂലികളാണെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബിജെപി ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം.

സംസ്ഥാനത്തെ ജനസംഖ്യ 25 കോടിയിലധികമാണെന്നും, ഇതിൽ 65 ശതമാനം പേരെങ്കിലും വോട്ടർമാരായി ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 16 കോടി വോട്ടർമാർ ഉണ്ടാകണം. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം 12 കോടി വോട്ടർമാർ മാത്രമാണുള്ളത്. അതായത്, ഏകദേശം 4 കോടി വോട്ടർമാരുടെ കുറവുണ്ട്. ഈ വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്നും, വിട്ടുപോയവരിൽ 90 ശതമാനവും ബിജെപിക്ക് വോട്ട് ചെയ്യാൻ സാധ്യതയുള്ളവരാണെന്നും യോഗി ആദിത്യനാഥ് പ്രവർത്തകരോട് പറഞ്ഞു.

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 26 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി ബൂത്തുകൾ തോറും പരിശോധന നടത്താനും, അർഹരായ വോട്ടർമാരെ പട്ടികയിൽ ചേർക്കാനും അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി.

വ്യാജ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും യോഗി ആരോപിച്ചു.

അടുത്ത 12 ദിവസത്തിനുള്ളിൽ ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കാനും ഓരോ വോട്ടറെയും നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കാനും ബിജെപി പുതിയ സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിക്കും പ്രവർത്തകർക്കും അദ്ദേഹം നിർദ്ദേശം നൽകി. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയാൽ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുക്കാൽ പങ്കും ഉറപ്പാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: