03/04/2026
[fontresizer_tawhidurrahmandear_widget]

ചോരയും കണ്ണീരും വീണ മണ്ണിൽ പ്രതീക്ഷയുടെ മംഗളാരവം ഖാൻ യൂനിസിൽ ഒരേ വേദിയിൽ 54 ഫലസ്തീൻ ദമ്പതികൾക്ക് മാംഗല്യം; ഒരൊറ്റ കുടുംബം പോലെ ആഘോഷിച്ച് ഗസ്സ

 ചോരയും കണ്ണീരും വീണ മണ്ണിൽ പ്രതീക്ഷയുടെ മംഗളാരവം ഖാൻ യൂനിസിൽ ഒരേ വേദിയിൽ 54 ഫലസ്തീൻ ദമ്പതികൾക്ക് മാംഗല്യം; ഒരൊറ്റ കുടുംബം പോലെ ആഘോഷിച്ച് ഗസ്സ

ഗസ്സ: ചുറ്റും ബോംബ് വീണു തകർന്ന കെട്ടിടങ്ങളുടെ ’അസ്ഥികൂടങ്ങൾ’. വായുവിൽ ഇപ്പോഴും വെടിമരുന്നിന്റെയും പൊടിയുടെയും ഗന്ധം. എന്നാൽ, തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ചൊവ്വാഴ്ച മുഴങ്ങിക്കേട്ടത് മരണ വിലാപങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവിളിയുടെ സംഗീതമായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ നഗരഹൃദയത്തിൽ, 54 ഫലസ്തീൻ ദമ്പതികളാണ് ഒരേ വേദിയിൽ പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ചത്.

വെടിനിർത്തൽ കരാർ നിലവിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ്, ലോകത്തിൻ്റെ കണ്ണു നിറയിച്ചു ഇത്തരമൊരു സമൂഹ വിവാഹം നടന്നത്. യുഎഇയുടെ 54-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് (UAE National Day), 54 ദമ്പതികളെ തിരഞ്ഞെടുത്ത് ഇങ്ങനെയൊരു മംഗളകർമ്മം സംഘടിപ്പിച്ചത്. ​യുഎഇയുടെ മാനുഷിക സഹായ ദൗത്യമായ ‘അൽ ഫാരിസ് അൽ ഷാഹിം’ (Al Fares Al Shahim / Operation Gallant Knight 3) ആണ് ഈ സമൂഹ വിവാഹത്തിന് പൂർണമായ ചിലവ് വഹിച്ചതെന്നാണ് വിവരം. നസ്സർ ആശുപത്രിക്ക് സമീപമുള്ള അൽ-അഖ്സ സർവകലാശാലാ വളപ്പിൽ ആണ് സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്.

ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധം ഗസ്സയിലെ ജനജീവിതം പൂർണമായും തകർത്തിരുന്നു. പലർക്കും വീടുകൾ നഷ്ടപ്പെട്ടു; ഉറ്റവരെ നഷ്ടപ്പെട്ടു. വിവാഹങ്ങൾ പലതവണ മാറ്റിവെക്കേണ്ടി വന്നു. എന്നാൽ, ഇനി കാത്തിരിക്കാനാവില്ലെന്ന തീരുമാനത്തിലാണ് വെടിനിർത്തലിന്റെ ആശ്വാസത്തിൽ അവർ ഒന്നിച്ചത്.

“ഇതൊരു വിവാഹം മാത്രമല്ല, ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രഖ്യാപനമാണ്. ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്, ഞങ്ങൾ ജീവിക്കും, സ്നേഹിക്കും,” വരന്മാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.

കറുത്ത സ്യൂട്ടും ടൈയും ധരിച്ച്, പരമ്പരാഗത ഫലസ്തീൻ സ്കാർഫായ ‘കഫിയ’ അണിഞ്ഞാണ് വരന്മാർ വേദിയിലെത്തിയത്. പശ്ചാത്തലത്തിൽ അറബിക് സംഗീതം മുഴങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും തോളിൽ കൈയിട്ട് നൃത്തം ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം ഗസ്സയിൽ അപൂർവമായി മാത്രം കാണുന്ന ചിരിയും സന്തോഷവും ആ വേദിയിൽ തിളങ്ങിനിന്നു.

വിവാഹം കഴിഞ്ഞാൽ പല ദമ്പതികൾക്കും പോകാൻ സ്വന്തമായി വീടുകളില്ല എന്നതാണ് നെഞ്ചുലയ്ക്കുന്ന യാഥാർത്ഥ്യം. മിക്കവരും അഭയാർത്ഥി ക്യാമ്പുകളിലെ പ്ലാസ്റ്റിക് കൂടാരങ്ങളിലേക്കാണ് വധുവിനെയും കൂട്ടി മടങ്ങിയത്. “വീട് തകർന്നുപോയി, പണമില്ല, ഭാവിയെക്കുറിച്ച് അറിയില്ല. പക്ഷേ, ജീവിതം മുന്നോട്ട് കൊണ്ടുപോയേ തീരൂ. ഈ വിവാഹം ഇസ്രയേലിനുള്ള സന്ദേശം കൂടിയാണ് – ഞങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല,” മറ്റൊരു വരൻ പ്രതികരിച്ചു.

ഓരോ വരനും 700 ഡോളർ (ഏകദേശം 59,000 രൂപ) വീതം വിവാഹസമ്മാനമായി നൽകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികമായി തകർന്നടിഞ്ഞ യുവാക്കൾക്ക് ഇതൊരു വലിയ ആശ്വാസമാണ്.

നഗരം മുഴുവൻ തകർന്നിട്ടും, മനുഷ്യന്റെ മനസ്സിനെ തകർക്കാൻ യുദ്ധത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഖാൻ യൂനിസിൽ നിന്നുള്ള ഈ കാഴ്ചകൾ ലോകത്തോട് വിളിച്ചുപറയുന്നു. മരണം പതിയിരിക്കുന്ന മണ്ണിൽ നിന്ന്, പുതിയ ജീവിതം നെയ്തെടുക്കാനുള്ള ഗസ്സയുടെ നിശ്ചയദാർഢ്യമാണ് ഈ അപൂർവ സംഗമം വിളിച്ചോതുന്നത്.

Also read: