പാലക്കാട്ടുനിന്ന് മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ കണ്ടെത്തി
പാലക്കാട്: മുഖംമൂടി സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രമുഖ പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ പോലീസ് കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം കോതകുറിശ്ശിയില്‍ അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ നിന്നാണ് പോലീസ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
ജിദ്ദയിലെ അല്‍ റയാന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായ വി.പി മുഹമ്മദലി എന്ന ആലുങ്ങല്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ പാര്‍പ്പിച്ച വീട്ടില്‍ അക്രമികള്‍ ഉറങ്ങിയ സമയത്ത് ഇറങ്ങിയോടിയാണ് അദ്ദേഹം പോലീസിനെ വിളിച്ചത്. രക്ഷപ്പെടുത്തിയ ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നില്‍ ബിസിനസ് രംഗത്തെ വൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.
ശനിയാഴ്ച വൈകീട്ട് ആറരയോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. മുഹമ്മദ് ആലി സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം അദ്ദേഹത്തെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്.