മോഹൻ ബഗാന് കനത്ത തിരിച്ചടി; ഏഷ്യൻ മത്സരങ്ങളിൽനിന്ന് വിലക്ക്, 91 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ (AFC) വൻ പ്രഹരം. ഇറാനിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ക്ലബ്ബിനെ ഏഷ്യൻ മത്സരങ്ങളിൽ നിന്ന് വിലക്കി. 2027-28 സീസൺ വരെയാണ് എഎഫ്‌സി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഏകദേശം 91 ലക്ഷം രൂപ (1,00,729 ഡോളർ) പിഴയും ചുമത്തി.
ടൂർണമെന്റിൽ നിന്നുള്ള മോഹൻ ബഗാന്റെ പിന്മാറ്റം നിയമവിരുദ്ധമാണെന്ന് എഎഫ്‌സി അച്ചടക്ക സമിതി കണ്ടെത്തി. ഇതോടെ, അടുത്ത സീസണുകളിൽ യോഗ്യത നേടിയാലും ബഗാന് എഎഫ്‌സി ടൂർണമെന്റുകളിൽ പങ്കെടുക്കാനാവില്ല.
പിഴത്തുകയ്ക്ക് പുറമെ, ക്ലബ്ബിന് ലഭിക്കേണ്ടിയിരുന്ന സബ്‌സിഡികളും റദ്ദാക്കി. നേരത്തെ കൈപ്പറ്റിയ തുകകൾ 30 ദിവസത്തിനകം തിരികെ അടയ്ക്കാനും എഎഫ്‌സി ഉത്തരവിട്ടു.
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇറാനിലെ സെപഹാൻ എസ്‌സിക്കെതിരായ മത്സരത്തിന് പോകാൻ ബഗാൻ വിസമ്മതിച്ചത്. ടീമിലെ വിദേശ താരങ്ങൾക്ക് അവരുടെ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതും ക്ലബ് ചൂണ്ടിക്കാട്ടിയിരുന്നു. വേദി മാറ്റണമെന്ന ആവശ്യം എഎഫ്‌സി നിരസിച്ചതോടെയാണ് ടീം യാത്ര റദ്ദാക്കിയത്.
എഎഫ്‌സിയുടെ നടപടി ഏകപക്ഷീയമാണെന്നും ഇതിനെതിരെ കായിക തർക്ക പരിഹാര കോടതിയെ (CAS) സമീപിച്ചിട്ടുണ്ടെന്നും മോഹൻ ബഗാൻ അധികൃതർ അറിയിച്ചു.
അതേസമയം, മറ്റ് ചില അച്ചടക്ക ലംഘനങ്ങളുടെ പേരിൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (AIFF) എഫ്‌സി ഗോവയ്ക്കും എഎഫ്‌സി പിഴ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതി വൈകിച്ചതിന് എഐഎഫ്എഫിന് 1,000 ഡോളറും, സുരക്ഷാ വീഴ്ചയുടെ പേരിൽ എഫ്‌സി ഗോവയ്ക്ക് 5,000 ഡോളറുമാണ് പിഴ.