യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി എയർ ഇന്ത്യ; ‘പറക്കൽ യോഗ്യത’ ഇല്ലാതെ എട്ട് സർവീസുകൾ നടത്തി
ന്യൂഡൽഹി: വിമാനത്തിന്റെ പറക്കാനുള്ള സുരക്ഷാക്ഷമത ഉറപ്പാക്കുന്ന സുപ്രധാന രേഖയായ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (എആർസി) ഇല്ലാതെ എയർ ഇന്ത്യാ വിമാനം എട്ട് വാണിജ്യ സർവീസുകൾ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമയാന റെഗുലേറ്ററി അതോറിറ്റി (ഡിജിസിഎ). നവംബർ അവസാന വാരം സംഭവിച്ച സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും വിമാനം നിലത്തിറക്കുകയും ചെയ്തു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ 164 സീറ്റുകളുള്ള എ320 വിമാനം നവംബർ 24, 25 തീയതികളിലാണ് നിരവധി റൂട്ടുകളിൽ പറന്നത്. രാത്രിയിലുള്ള പതിവ് പരിശോധനയ്ക്കിടെ ഒരു എഞ്ചിനീയർ പറക്കൽ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതായി കണ്ടെത്തുകയായിരുന്നു. നവംബർ 26-ന് എയർ ഇന്ത്യ തന്നെ ഇക്കാര്യം ഡിജിസിഎയിൽ റിപ്പോർട്ട് ചെയ്തു. ഇതേതുടർന്നാണ് ഡിജിസിഎ അന്വേഷണം തുടങ്ങിയത്.
ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ വെച്ചുകളിച്ച സംഭവം ഖേദകരമാണെന്നും ‘തീരുമാനവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും കൂടുതൽ പരിശോധനകൾക്കായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. എആർസി പുതുക്കുന്നതിനുള്ള നടപടികൾ നടക്കുന്നതിനാൽ ആ വിമാനം ഇപ്പോൾ പറക്കുന്നില്ല. പുറമെ, എയർ ഇന്ത്യ സ്വന്തം നിലയ്ക്ക് സമഗ്രമായ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിന്റെ അറ്റകുറ്റപ്പണികളുടെ രേഖകൾ, നിലവിലെ സാഹചര്യം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സമഗ്രമായി അലോകനം ചെയ്താണ് ഡിജിസിഎ വാർഷികാടിസ്ഥാനത്തിൽ എആസി നൽകുന്നത്. ഇത് ഇല്ലാതെ വിമാനം ഓപ്പറേറ്റ് ചെയ്യുന്നത് ഗുരുതരമായ ലെവൽ 1 ലംഘനമാണ്. എആർസി ഇല്ലാതെ പറന്ന വിമാനം എന്തെങ്കിലും അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. 3 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ കനത്ത പിഴയ്ക്ക് കാരണമാകുന്നതാണ് ഈ നിയമലംഘനം.
എആർസി ഇല്ലാതെ വിമാനം പറന്നപ്പോൾ സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും, എട്ട് തവണ തെറ്റ് ആവർത്തിച്ചത് എയർ ഇന്ത്യയുടെ പ്രീ-ഫ്ലൈറ്റ് പരിശോധനകളിലെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഓരോ ദിവസവും സർവീസ് അവസാനിക്കുമ്പോൾ രേഖകൾ പരിശോധിക്കുന്ന രീതി നിലനിൽക്കെയാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ ഡ്രീംലൈനർ വിമാനം ജൂൺ 12 ന് തകർന്ന് 260 പേർ മരിച്ച സംഭവത്തിനുശേഷം സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് എയർ ഇന്ത്യ അവകാശപ്പെട്ടിരുന്നു.