‘ലോകകപ്പ് കളിക്കണമെങ്കില്‍100% ഫിറ്റ്നസ് തെളിയിക്കണം; നല്ല താരങ്ങള്‍ വേറെയുമുണ്ട്’ നെയ്മറിനു പിന്നാലെ വിനീഷ്യസിനോടും കടുപ്പിച്ച് ആഞ്ചലോട്ടി
ബ്രസീലിയ: അടുത്ത വർഷത്തെ ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ പൂർണമായും ഫിറ്റ് ആയിരിക്കണമെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. 100% മത്സരസജ്ജരായ കളിക്കാരെ മാത്രമേ ടീമിലേക്ക് പരിഗണിക്കൂവെന്ന തന്റെ നയം അദ്ദേഹം ആവർത്തിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ സമാനമായ ഒരു മുന്നറിയിപ്പ് ആഞ്ചലോട്ടി സൂപ്പർ താരം നെയ്മറിനും നൽകിയിരുന്നു. സാന്റോസ് ഫോർവേഡ് ടീമിലേക്ക് തിരികെ എത്തണമെങ്കിൽ പൂർണമായും ഫിറ്റ്നസ് തെളിയിക്കണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബ്രസീലിയൻ കായിക പരിപാടിയായ ‘എസ്പോർട്ട് റെക്കോർഡിന്’ നൽകിയ അഭിമുഖത്തിലാണ്, തന്റെ ടീമിലെ എല്ലാ കളിക്കാർക്കും ഒരേ നിലവാരമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് കോച്ച് വ്യക്തമാക്കിയത്.
“ഉയർന്ന നിലവാരമുള്ള നിരവധി കളിക്കാർ ഞങ്ങളുടെ പക്കലുണ്ട്. 100% കഴിവുകൾ പുറത്തെടുക്കാൻ സാധിക്കുന്നവരെയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്. നെയ്മറുടെ കാര്യം മാത്രമല്ല, വിനീഷ്യസിന്റെ കാര്യത്തിലും ഇത് ബാധകമാണ്. വിനീഷ്യസ് 90% ഫിറ്റ്നസ്സിലാണ് എങ്കിൽ, 100% ഫിറ്റ്നസ്സുള്ള മറ്റൊരു കളിക്കാരനെ ഞാൻ വിളിക്കും. കാരണം, ഇത് വളരെ ഉയർന്ന മത്സരശേഷിയുള്ള ഒരു ടീമാണ്, പ്രത്യേകിച്ച് ആക്രമണ നിരയിൽ ഞങ്ങൾക്ക് നിരവധി മികച്ച കളിക്കാരുണ്ട്.”-ആഞ്ചലോട്ടി വ്യക്തമാക്കി.
ഈ വർഷം ജൂണിൽ പരാഗ്വേയെ 1-0 ന് തോൽപ്പിച്ച് ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ വടക്കേ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തിൽ ബ്രസീലിനായി വിജയ ഗോൾ നേടിയത് വിനീഷ്യസ് ജൂനിയറായിരുന്നു.
അതേസമയം, മാർച്ച് 23 നും 31 നും ഇടയിൽ ബോസ്റ്റണിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ബ്രസീൽ ഫ്രാൻസിനെ നേരിടും.